'ലഹരിയില്‍ മുങ്ങി ഓണാഘോഷം'; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

'ലഹരിയില്‍ മുങ്ങി ഓണാഘോഷം'; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണാഘോഷ ദിനങ്ങളില്‍ ബെവ്‌കോ സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 നെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനവാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.

ബെവ്കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പനയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു.

ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023-24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ച.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.