പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ദേശീയ പാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞ മാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയില്‍ പ്രധാനമായും നാല് ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.

വാദത്തിനിടെ ഗതാഗതക്കുരുക്ക് വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് കോടതി ചോദിച്ചു. മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ടോള്‍ പിരിവ് കോടതി തടഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകാന്‍ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാദത്തിനിടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു.

അണ്ടര്‍പാസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.