'വാക്ക് പാലിച്ചില്ല'; കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ എന്‍.എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

 'വാക്ക് പാലിച്ചില്ല'; കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ എന്‍.എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച യുവതിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷമായിരുന്നു എന്‍.എം വിജയനും മകന്‍ വിജേഷും ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന ആരോപണവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍.എം വിജയനുണ്ടായ ബാധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീര്‍ക്കാമെന്ന തരത്തില്‍ പാര്‍ട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.

ഭര്‍ത്താവ് വിജേഷിന് അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നല്‍കിയില്ല.

പി.വി അന്‍വറിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദേഹം ആശുപത്രിയില്‍ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാര്‍ജായി പോരാന്‍ സാധിച്ചത്. ആശുപത്രിയില്‍ നിന്നെത്തിയശേഷം പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാന്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.

ധാരണാപത്രം പാര്‍ട്ടി പ്രസിഡന്റ് പഠിക്കാന്‍ വാങ്ങിയെന്നാണ് കല്‍പ്പറ്റ എം.എല്‍.എ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളന്‍മാര്‍ വെള്ളയുമിട്ട് നടക്കുന്നു. തങ്ങള്‍ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലം പോലും ബാങ്കില്‍ പണയത്തിലാണെന്നും പത്മജ പറഞ്ഞിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.