രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; തീരുമാനം വി.ഡി സതീശന്റെ ആവശ്യ പ്രകാരമെന്ന് സ്പീക്കര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; തീരുമാനം വി.ഡി സതീശന്റെ ആവശ്യ പ്രകാരമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു.

സഭയില്‍ വരണമോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. ഇതുവരെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എട്ട് ബില്ലുകള്‍ അടക്കമുള്ളവയുടെ നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭാസമ്മേളനം നാളെയാണ് ആരംഭിക്കുന്നത്.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തില്‍ നിന്നാണുണ്ടായതെന്നും വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കു മുന്നില്‍ ഒരു ആരോപണം വന്നു. ആ സമയത്ത് അയാള്‍ക്കെതിരെ ഔദ്യോഗികമായി ഒരു പരാതിയും വന്നിരുന്നില്ല. തങ്ങള്‍ കൂടിയാലോചിച്ചാണ് രാഹുലിനെ യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവ നടിയുടെ മൊഴിയില്‍ നിയമോപദേശം തേടാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി രാഹുല്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് ക്രൈം ബ്രാഞ്ചിന് നല്‍കിയിരുന്നു.

തെളിവുകള്‍ കൈമാറിയെങ്കിലും നിയമ നടപടിക്ക് താല്‍പര്യമില്ലെന്നാണ് നടി അറിയിച്ചത്. കൂടാതെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ നിയമവശം പരിശോധിക്കുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.