'ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്'; ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

'ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്'; ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയെയും മകനെയും മകളെയുമാണ് പ്രിയങ്ക കണ്ടത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി.

വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നാണ് വിവരം. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം പറഞ്ഞു. പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ ഉണ്ടായിട്ടും ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന് സിപിഐഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഡിസിസി ഇടപെട്ടാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പ്രിയങ്ക താമസിക്കുന്ന പടിഞ്ഞാറെത്തറ താജ് ഹോട്ടലില്‍ എത്തിയാണ് കുടുംബം കൂടിക്കാഴ്ച നടത്തിയത്.

ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു തുടക്കം മുതല്‍ കുടുംബം സ്വീകരിച്ച നിലപാട്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും കുടുംബം അതേ നിലപാട് തുടരുകയായിരുന്നു. പുല്‍പ്പള്ളി വ്യാജ കള്ളക്കേസില്‍ ആരോപണ വിധേയനായിരുന്നു പഞ്ചായത്ത് മെമ്പര്‍ കൂടിയായ ജോസ് നെല്ലേടം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടിനായിരുന്നു ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാജ കേസില്‍ അറസ്റ്റിലാകുകയും പതിനേഴ് ദിവസത്തോളം ജയിലില്‍ കഴിയുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് കൂടിയായ തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണം വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ജോസ് നെല്ലേടത്തിന്റെ മരണം.

വീട്ടില്‍ നിന്ന് സ്ഫോടന വസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തിയ സംഭവമായിരുന്നു തങ്കച്ചന്റെ അറസ്റ്റിലേക്ക് നയിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് സമീപത്ത് നിന്ന് സ്ഫോടന വസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തുകയും തങ്കച്ചനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.