ഭൂമിയുടെ ടൈറ്റില്‍ ഡീഡും കൈവശാവകാശവും മാര്‍ത്തോമ ഭവനില്‍ നിക്ഷിപ്തമായതിനാല്‍ മറ്റൊരാള്‍ക്കും ഈ ഭൂമിയില്‍ കയറുവാനോ അവകാശമുന്നയിക്കാനോ പറ്റില്ലെന്ന് 2007 ല്‍ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച ഡിക്രി നിലനില്‍ക്കേയാണ് കോടതി വിധിയെപ്പോലും വെല്ലുവിളിച്ച് അക്രമികളുടെ വിളയാട്ടം.
കൊച്ചി: ഓസ്ട്രിയ ആസ്ഥാനമായുള്ള 'ദി ഓര്‍ഡര്‍ ഓഫ് ദി ഹോളി ക്രോസ്' സഭയുടെ കളമശേരി കൈപ്പടമുഗളിലുള്ള മാര്‍ത്തോമാ ഭവന്റെ 100 മീറ്ററിലധികം വരുന്ന കോമ്പൗണ്ട് മതില്‍ ഒരു സംഘം അക്രമികള്‍ തകര്‍ത്ത് അകത്തു കയറി താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചു.
കഴിഞ്ഞ 43 വര്‍ഷമായി മാര്‍ത്തോമ ഭവന്റെ കൈവശമുള്ള ഭൂമി തങ്ങളുടേതാണെന്ന വിചിത്ര വാദമുന്നയിച്ചാണ് മട്ടാഞ്ചേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അറുപതോളം വരുന്ന അക്രമികള്‍ പാതിരാത്രിയിലെത്തി മതില്‍ പൊളിച്ച് അകത്തു കയറിയത്.
ആശ്രമത്തിന്റെ ഒരു ഭാഗത്തുള്ള കന്യാസ്ത്രീ മഠമായ സെന്റ് ജോസഫ് ഹോമിന്റെ നാലോളം സിസി ടിവി ക്യാമറകളും കുടിവെള്ള പൈപ്പുകളും തകര്‍ക്കുകയും അവര്‍ക്ക് യാത്രാ സൗകര്യം നിഷേധിച്ച് പ്രധാന ഗേറ്റിനു മുന്നില്‍ താല്‍ക്കാലിക കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ശൗചാലയങ്ങളും സ്ഥാപിക്കുകയും ചെയ്ത അക്രമി സംഘം കോടതി വിധിയെപ്പോലും വെല്ലുവിളിച്ച് അവിടെ ബലമായി താമസമാക്കിയിരിക്കുകയാണ്. പ്രോപ്പര്‍ട്ടി ഓഫ് എം.എച്ച് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് എന്ന ബാനറും വലിച്ചു കെട്ടിയിട്ടുണ്ട്.

മാര്‍ത്തോമ ഭവനോട് അനുബന്ധിച്ചുള്ള കോണ്‍വെന്റിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ അക്രമികള്‍ സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍.
എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട മാര്‍ത്തോമാ ഭവന് കളമശേരി കൈപ്പടമുഗളില്‍ പതിനഞ്ച് ഏക്കറോളം സ്ഥലമാണുള്ളത്. ആശ്രമത്തിന് വേണ്ടി പലരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. അതില്‍ ഹനീഫ എന്ന വ്യക്തിയില്‍ നിന്ന് വാങ്ങിയ നാല് ഏക്കര്‍ സ്ഥലത്താണ് ഒരുകൂട്ടമാളുകള്‍ ഇപ്പോള്‍ അവകാശ വാദവുമായി എത്തിയിട്ടുള്ളത്.
1982 ലാണ് 12,50,000 രൂപയ്ക്ക് മാര്‍ത്തോമ ഭവന്‍ അധികൃതര്‍ മട്ടാഞ്ചേരി സ്വദേശിയും ചെന്നൈയില്‍ ബിസിനസുകാരനുമായ ഹനീഫയില്‍ നിന്നും ഈ ഭൂമി വാങ്ങിയത്. കരാര്‍ പ്രകാരമുള്ള പണം മുഴുവന്‍ നല്‍കിയെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത് ഹനീഫ വൈകിച്ചു.
തന്റെ ചെന്നൈയിലുള്ള ബിസിനസ് ആവശ്യത്തിനായി പിന്നീട് ഹനീഫ ഈ ആധാരം പണയപ്പെടുത്തി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)യില്‍ നിന്ന് വായ്പ തരപ്പെടുത്തി. വില്‍പ്പന വിവരം മറച്ചു വച്ചായിരുന്നു ഈ തട്ടിപ്പ്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്നും എഫ്.സി.ഐ അധികൃതര്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ട വിവരം വൈദികര്‍ അറിയുന്നത്.
ഇതിനെതിരെ മാര്‍ത്തോമ ഭവന്‍ നിയമ നടപടികള്‍ അരംഭിക്കുകയും 2007 ല്‍ എറണാകുളം സബ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും ചെയ്തു. നിലവില്‍ ഭൂമിയുടെ ടൈറ്റില്‍ ഡീഡും കൈവശാവകാശവും മാര്‍ത്തോമ ഭവനില്‍ നിക്ഷിപ്തമായതിനാല്‍ മറ്റൊരാള്‍ക്കും ഈ ഭൂമിയില്‍ കയറുവാനോ അവകാശമുന്നയിക്കാനോ പറ്റില്ലെന്നും വ്യക്തമാക്കി കോടതി പ്രത്യേക ഡിക്രി പുറപ്പെടുവിച്ചിരുന്നു.

മാര്‍ത്തോമ ഭവന്റെ മതില്‍ പൊളിച്ച ഭാഗം (ഇടത്).
ഇതിനിടെ ഹനീഫ മരണപ്പെട്ടതോടെ അദേഹത്തിന്റെ മക്കള്‍ വ്യാജ ഡീഡ് ഉണ്ടാക്കി പ്രസ്തുത സ്ഥലം 2010 ല്‍ സ്വസമുദായത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് വില്‍പ്പന നടത്തി. തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ ഇതു സംബന്ധിച്ച് തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടും മാര്‍ത്തോമ ഭവന് അനുകൂലമായിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി ഇതായിരിക്കേയാണ് ഇരുട്ടിന്റെ മറവില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സ്ഥലം ബലമായി കൈയേറിയിരിക്കുന്നത്. ഇതിനെതിരെ മാര്‍ത്തോമ ഭവന്‍ കളമശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതികളില്‍ ആരെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം നടക്കുന്നുവെന്ന പതിവ് മറുപടിയാണ് അവര്‍ നല്‍കുന്നത്. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2007 ല്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച കോടതി വിധിയെ ധിക്കരിച്ചാണ് അവര്‍ ഇവിടെയെത്തി വളരെ ആസൂത്രിതവും സംഘടിതവുമായ ഈ അതിക്രമം നടത്തിയിട്ടുള്ളതെന്ന് മാര്‍ത്തോമ ഭവന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക പറഞ്ഞു. അക്രമത്തെ ഭയക്കുന്നില്ലെന്നും നീതി തേടിയുള്ള നിയമ പോരാട്ടം തുടരുമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.