മുംബൈ: ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയും വേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ മടക്കി നല്‍കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്. അടുത്ത മൂന്ന് മാസംകൊണ്ട് പരമാവധി പേര്‍ക്ക് മടക്കി നല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്ത് വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്ത് വര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്. ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവല്‍കരണ ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശം ഉന്നയിച്ച് എത്തിയാല്‍ ഈ തുക പലിശ സഹിതം മടക്കി നല്‍കും.
അടുത്തിടെ നടന്ന സാമ്പത്തിക സുസ്ഥിരത-വികസന കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ഇത്തരമൊരു നിര്‍ദേശം ആര്‍ബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാമ്പ്. ഡിസംബര്‍ വരെ പലയിടത്തായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കും.
സംസ്ഥാനതല ബാങ്കേസ് സമിതിക്കാകും ഇതിന്റെ പ്രാഥമിക ചുമതല നിര്‍വഹിക്കുക. അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയാകും ക്യാമ്പ് സംഘടിപ്പിക്കുക. ജൂലൈയില്‍ പാര്‍ലമെന്റില്‍ നല്‍കിയ രേഖകള്‍ പ്രകാരം രാജ്യത്തെ ബാങ്കുകളില്‍ 67,003 കോടി രൂപയോളം അവകാശികളില്ലാതെ കിടക്കുന്നുണ്ട്.
പല അക്കൗണ്ടുകളുള്ളവര്‍ ചിലത് ഉപയോഗിക്കാതെ കിടക്കുകയോ ഇതേക്കുറിച്ച് മറന്നുപോകുകയോ ചെയ്യുന്നതും ഇത്തരത്തില്‍ അവകാശികളില്ലാത്ത പണം കുമിഞ്ഞുകൂടാന്‍ കാരണമാകുന്നതായി ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍ബിഐ തയ്യാറാക്കിയ ഉദ്ഗം പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത അക്കൗണ്ടുകളെക്കുറിച്ച് നിക്ഷേപകര്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും പരിശോധിക്കാന്‍ സൗകര്യമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.