ലേ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചാണ് ലേ പോലീസിന്റെ അറസ്റ്റ്.
സോനത്തിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (സെക്മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സോനം വാങ് ചുകിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സോനം വാങ് ചുക് പറഞ്ഞിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരവെ അദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ വലിയ സംഘര്‍ഷമുണ്ടായത്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ഓഫീസുള്‍പ്പെടെ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.
ഒക്ടോബര്‍ ആറിന് ലഡാക്കിന്റെ സംസ്ഥാന പദവിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് സോനം വാങ് ചുക് നിരാഹാര സമരം തുടങ്ങിയത്.
ഈ സമരത്തിനിടയില്‍ അദേഹം നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് പിന്നീടുണ്ടായ സംഘര്‍ഷത്തിലേക്ക് വഴി തെളിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.