തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായത്തിന് തയ്യാറായി സര്‍ക്കാര്‍. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്. പ്രശ്‌നത്തിന് ഉടന്‍ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്‍.എസ്.എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും മറ്റ് സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതിലാണ് സഭ പരാതി ഉന്നയിച്ചത്.
അതേസമയം എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബര്‍ 25 നകം പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇല്ലാതാക്കാന്‍ കൈ പുസ്തകം പുറത്തിറക്കിയിരുന്നു. പരാതി ഉള്ളവര്‍ക്ക് അറിയിക്കാനായി ജില്ലാ തല സമിതിയും രൂപീകരിച്ചു. നവംബര്‍ 10 നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകള്‍ മാനേജ്മെന്റുകള്‍ മാറ്റിവെക്കണം എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥ സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടിക തയ്യാറാക്കി. ജില്ലാതല സമിതി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശകള്‍ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജര്‍മാരുടെ നിയമപരമായ ബാധ്യതയാണെന്നായിരുന്നു കോടതി വിധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.