ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തി അപ്രത്യക്ഷരായ മലയാളികളെ പ്രതികളാക്കി ഗള്‍ഫ് ബാങ്കും അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റുമാണ് പരാതി നല്‍കിയിട്ടുള്ളത്. മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ ബോധപൂര്‍വമായ നടപടികള്‍ ബാങ്കിന് ദോഷം ചെയ്യുക മാത്രമല്ല, വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ യശസിനെയും അവസരങ്ങളെയും ബാധിക്കുകയും ചെയ്യും.
കൊച്ചി: വന്‍ തുക ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറു കണക്കിന് മലയാളികള്‍ക്കെതിരെ കേരള ക്രൈം ബ്രാഞ്ച് രാജ്യാന്തര തലത്തിലുള്ള അന്വേഷണത്തിനു തയ്യാറെടുക്കുന്നു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്ന ഇവരില്‍ പലരും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിയെന്നു വ്യക്തമായതോടെയാണ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെയുള്ള വിപുലമായ നടപടികളിലേക്കു കടക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിതമായത്.
ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തി അപ്രത്യക്ഷരായ മലയാളികളെ പ്രതികളാക്കി ഗള്‍ഫ് ബാങ്കും അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റുമാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം കേരളത്തിലുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകളുടെ അന്വേഷണച്ചുമതലയുള്ളത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കേരള ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തിനാണ്.
കുടിശിക വരുത്തിയവര്‍ ഇന്ത്യയില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്നതു മൂലം അവരുടെ കുടിയേറ്റത്തിനു ബുദ്ധിമുട്ടുവരുമെന്നും റെസിഡന്‍സി പെര്‍മിറ്റ് ലഭ്യമാകില്ലെന്നും നിയമ വിദഗ്ധര്‍ പറയുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡിജിപിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഗള്‍ഫ് ബാങ്ക് കഴിഞ്ഞ മെയ് മാസത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാരും അത് അംഗീകരിച്ചു.
അക്കാലത്ത്, 700 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട 1425 മലയാളികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട് വന്നു. ഇതില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും അവരില്‍ പലരും ആരോഗ്യ മേഖലയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
വായ്പ തിരിച്ചടയ്ക്കാതെ കുവൈറ്റില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയ ആയിരക്കണക്കിന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന് ബാങ്ക് പ്രതിനിധികള്‍ പൊലീസിനെ ബോധിപ്പിച്ചിരുന്നു. അയര്‍ലന്‍ഡ്, യുകെ, യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവരില്‍ പലരും കുടിയേറിയതായി ബാങ്കുകള്‍ക്ക് ലഭിച്ച വിവരം പൊലീസും സ്ഥിരീകരിക്കുന്നു.
അപേക്ഷകരുടെ ജോലിയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പ നല്‍കി. അവരില്‍ ചിലരാണ് മാസങ്ങള്‍ക്കുള്ളില്‍ രഹസ്യമായി ജോലി ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി സ്വീകരിച്ചു പോയത്. തങ്ങള്‍ നല്‍കിയ വായ്പ തുക കൊണ്ടാണ് മൈഗ്രേഷന്‍ ചെലവുകള്‍ പോലും വഹിച്ചതെന്ന് ബാങ്ക് ഓഫീസര്‍മാര്‍ പറയുന്നു.
ഈ കാര്യങ്ങള്‍ വ്യക്തമാക്കി അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് (എപികെ) കേരള ഡിജിപി, എഡിജിപി, വിവിധ എസ്പിമാര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് കത്ത് അയച്ചിരുന്നു. പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ അല്‍ ആലി ബാങ്ക് നല്‍കിയ ക്രിമിനല്‍ പരാതിയിലെ പ്രതിയുടെ വായ്പ കുടിശിക പലിശ ഉള്‍പ്പെടെ 24,390.20 കുവൈറ്റ് ദിനാര്‍ (73,17,060 രൂപ) ആണ്. യഥാക്രമം 86,45,937 രൂപയുടെയും 61,90,929 രൂപയുടെയും കടം തിരിച്ചടയ്ക്കാത്ത രണ്ട് വ്യക്തികള്‍ക്കെതിരെയും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.
ബാങ്ക് പറയുന്നതനുസരിച്ച്, വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളയാള്‍ 6317270 രൂപയുടെ കുടിശിക വരുത്തിയിട്ടുണ്ട്. 1,17,46,077 രൂപ കുടിശികയുള്ളപ്പോള്‍ രഹസ്യമായി കുവൈറ്റില്‍ നിന്ന് ഒളിച്ചോടിയതായി ആരോപിച്ച് തലയോലപ്പറമ്പ് സ്റ്റേഷനില്‍ മറ്റൊരു പ്രതിക്കെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്തു.
കുവൈറ്റിലെ ബാങ്കുകള്‍ ഇപ്പോള്‍ കേരളീയര്‍ക്കുള്ള വായ്പാ നയങ്ങള്‍ പുന പരിശോധിക്കാന്‍ തുടങ്ങിയിട്ടുള്ളതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കും. സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കുന്നതില്‍ കുവൈറ്റിലെ അല്‍ ആലി ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എബികെയുടെ വക്താവ് കൊച്ചിയില്‍ പറഞ്ഞു.
മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ ബോധപൂര്‍വമായ നടപടികള്‍ ബാങ്കിന് ദോഷം ചെയ്യുക മാത്രമല്ല, വിദേശത്തുള്ള വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശസ്തിയെയും അവസരങ്ങളെയും ബാധിക്കുകയും ചെയ്യും. ഉത്തരവാദിത്തം ഉറപ്പാക്കാന്‍ എല്ലാ നിയമപരമായ വഴികളും തങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.
വിദേശ സ്ഥാപനങ്ങളില്‍ നിന്ന് നേടിയ വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ആശാസ്യമായ കാര്യമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 406, 420 പ്രകാരം വഞ്ചനയും വിശ്വാസവഞ്ചനയും ഉള്‍പ്പെടുന്ന ജാമ്യമില്ലാത്ത തരം കുറ്റകൃത്യങ്ങളാണിവ.
'അര്‍ഹതയില്ലാത്ത ഹര്‍ജികള്‍' എന്ന നിരീക്ഷണവുമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ യശസ് നശിപ്പിക്കുകയും ആതിഥേയ രാജ്യങ്ങളിലെ പ്രവാസികളുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് കോടതി എടുത്തു പറയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.