മക്കുര്‍ഡി: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ മൂന്ന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളുടെ അക്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ട നസാവ് ഗോത്ര സമൂഹത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ബെന്യു സംസ്ഥാനത്തിലെ ക്വാണ്ടെ കൗണ്ടിയിലെ ജാറ്റോ-അക്ക പട്ടണത്തിലാണ് സംഭവം നടന്നത്. നസാവ് ഗോത്ര തലവനായ ഹനാവെ ലഹയുടെ മൃത സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു സൈനികരുടെ വെടിവെയ്പ്പ്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഒരു യുവാവുമാണ്. പത്തു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുലാനി തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് സ്വന്തം ഗ്രാമം ഉപേക്ഷിച്ച് ജാറ്റോ-അക്കയില്‍ അഭയം പ്രാപിച്ച നസാവ് ഗോത്ര സമൂഹം തന്നെയാണ് ഇരകളായതെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഗോത്രതലവന്റെ സംസ്‌കാരം ഫുലാനി തീവ്രവാദികള്‍ പിടിച്ചെടുത്ത ഗ്രാമത്തിലാണ് നടത്തിയത്.
സംസ്‌കാരച്ചടങ്ങിന് സുരക്ഷ ഒരുക്കാന്‍ സൈന്യം ഒരു മില്യണ്‍ നൈറ (ഏകദേശം 667 യുഎസ് ഡോളര്‍) ആവശ്യപ്പെട്ടുവെന്ന് നസാവ് യുവജന നേതാവും ദൃക്സാക്ഷിയുമായ സോളമന്‍ അമാന്‍ഡെ പറഞ്ഞു. “ഞങ്ങള്‍ക്ക് 493 ഡോളര്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ. അതു സൈന്യം നിരസിച്ചു. സൈനിക സഹായമില്ലാതെ തന്നെ ചടങ്ങ് നടത്തി മടങ്ങുമ്പോള്‍ സൈനികര്‍ ഞങ്ങളുടെ മേല്‍ വെടിയുതിര്‍ത്തു. ഒരു യുവാവിനെ വെടിവെച്ച് കൊന്നതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സൈന്യം വീണ്ടും പ്രതിഷേധക്കാരുടെ മേല്‍ വെടിയുതിര്‍ത്തു. അപ്പോഴാണ് രണ്ട് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടത്,” അദേഹം വിശദീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കടുത്ത ഉത്കണ്ഠ നിലനില്‍ക്കുകയാണ്. പ്രാദേശിക നേതാക്കളും മനുഷ്യാവകാശ സംഘടനകളും സൈന്യത്തെ ഉടന്‍ പിൻവലിക്കണമെന്നും സംഭവം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ബെന്യു ഉള്‍പ്പെടെ നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫുലാനി തീവ്രവാദികളും ക്രൈസ്തവ കര്‍ഷക സമൂഹങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നൂറുകണക്കിന് ക്രൈസ്തവര്‍ ജീവഹാനി നേരിട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.