തിരുവനന്തപുരം: രാജ്യത്ത് ജാതീയവും സാമുദായികവുമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായി കേരളം. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2016 ല്‍ 26 ജാതീയ-സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2023 ല്‍ ഒരൊറ്റ സംഭവം മാത്രമാണ് രേഖപ്പെടുത്തിയത്. ഇതേ വര്‍ഷം രാജ്യത്ത് ഇത്തരം 475 സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2016 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങളില്‍( തിരിച്ചറിയാവുന്ന കുറ്റം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇത് വാറന്റില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷണം ആരംഭിക്കാനും പൊലീസിന് അധികാരമുള്ള ഗുരുതരമായ ഒരു കുറ്റകൃത്യമാണ്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയാണ് തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ക്ക് ഉദാഹരണങ്ങള്‍) 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2016 ല്‍ ഇത്തരത്തില്‍ ആകെ 7,07,870 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2023 ല്‍ ഇത് 5,84,373 ആയി കുത്തനെ കുറഞ്ഞു. അക്രമ കുറ്റകൃത്യങ്ങള്‍ 25 ശതമാനം കുറഞ്ഞു. 2016 ല്‍ 13,548 ആയിരുന്നത് ഈ വര്‍ഷം 10,255 ആയി കുറഞ്ഞു.
മാത്രവുമല്ല കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേരളത്തില്‍ 95.1 ശതമാനം കുറ്റപത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത് ദേശീയ ശരാശരിയായ 72.7 ശതമാനത്തേക്കാള്‍ വളരെ മുന്നിലാണ്. 2016 ല്‍ 62.9 ശതമാനം ആയിരുന്നത് 2023 ല്‍ 81.6 ശതമാനം ആയി ഉയര്‍ന്നു. പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നിരക്ക് 2017 മുതല്‍ 2023 വരെ അഞ്ച് ശതമാനത്തിലധികം വര്‍ധിച്ചു. 2017 ല്‍ 79.9 ശതമാനം ആയിരുന്ന നിരക്ക് 2023 ല്‍ 85.1 ശതമാനം ആയി വര്‍ധിച്ചു.
സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ 11.4 ശതമാനം മാത്രമാണ്. 2016 നെ അപേക്ഷിച്ച് നോക്കുമ്പോഴും നിരക്ക് കുറഞ്ഞിട്ടുണ്ട്. 2016 ല്‍ 13.6 ശതമാനം ആണിത്. ദേശീയ ശരാശരിയേക്കാള്‍ 30 ശതമാനം കുറവാണ്. 2016 ല്‍ സംസ്ഥാനത്തിന്റെ നിരക്ക് 13.6 ശതമാനം ആയിരുന്നു. സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 10 ശതമാനം കുറഞ്ഞു. 2016 ല്‍ 30.01 ശതമാനം ആയിരുന്നത് 2023 ല്‍ 20 ശതമാനം ആയി കുറഞ്ഞു.
കുട്ടികള്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെ 15 ശതമാനത്തിലധികം കുറഞ്ഞു. 2016 ല്‍ 37.9 ശതമാനം ആയിരുന്നത് 2023 ല്‍ 21.4 ശതമാനം ആയി കുറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2016 മുതല്‍ 2023 വരെ ഏകദേശം 30 ശതമാനം കുറഞ്ഞു. 2016 ല്‍ 47.4 ശതമാനം ആയിരുന്നത് 2023 ല്‍ 18.7 ശതമാനം ആയി കുറഞ്ഞു.
പട്ടികവര്‍ഗക്കാര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാക്കാനുള്ളവയുടെ ശതമാനം 2017 മുതല്‍ 2023 വരെ 30 ശതമാനം കുറഞ്ഞു. 2017 ല്‍ 49.7 ശതമാനം ആയിരുന്നത് 2023 ല്‍ 19.2 ശതമാനം ആയി കുറഞ്ഞു. കൂടാതെ കാണാതാകുന്നവരെ കണ്ടെത്തുന്നതില്‍ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2016 നെ അപേക്ഷിച്ചും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതില്‍ കേരളത്തിന് 96 ശതമാനം വിജയ ശതമാനവും കുട്ടികളെ കണ്ടെത്തുന്നതില്‍ 95.9 ശതമാനം വിജയശതമാനവും ഉണ്ട്. 2016 ല്‍ ഇത് യഥാക്രമം 88.9 ശതമാനം, 87.6 ശതമാനം എന്നിങ്ങനെയായിരുന്നു. ദേശീയ ശരാശരി യഥാക്രമം 55 ശതമാനം, 64.8 ശതമാനം എന്നിങ്ങനെയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ പൂജ്യമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ ആരും കസ്റ്റഡിയില്‍ മരിച്ചിട്ടില്ല. എന്നാല്‍ 2023 ല്‍ മാത്രം രാജ്യത്ത് 62 പേര്‍ കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.