കോഴിക്കോട്: വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. ചില വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ യാതൊരു മടിയുമില്ലാതെ എഴുതിത്തള്ളുമ്പോഴാണ് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നതെന്നായിരുന്നു എംപിയുടെ വിമര്‍ശനം.
യാതൊരു കുറ്റവും കൂടാതെ സങ്കല്‍പ്പിക്കാനാവാത്ത വേദന സഹിച്ച ജനങ്ങളുടെ ജീവിതമാണ് ഈ വായ്പകള്‍ പ്രതിനിധാനം ചെയ്യുന്നത്. താരതമ്യം ചെയ്യുമ്പോള്‍ ദുരിതബാധിതരുടെ വായ്പ തുക വളരെ കുറഞ്ഞ ഒരു സംഖ്യ മാത്രമാണ്. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവരെ കൈവിട്ടുവെന്ന ഹൈക്കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.
വായ്പ തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെതിരേയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും വിഷയത്തില്‍ ബാങ്കുകളെ കക്ഷിചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ അനുവദിക്കില്ലെന്നും വായ്പ തിരിച്ചുപിടിക്കുന്ന നടപടികള്‍ സ്റ്റേ ചെയ്യുമെന്നും ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അധികാരമില്ല എന്നാണോ നിങ്ങള്‍ പറയുന്നത്. വായ്പ എഴുതിത്തള്ളാനാകില്ല എങ്കില്‍ അത് കൃത്യമായി, ആര്‍ജ്ജവം കാണിച്ച് തുറന്നു പറയണം. അല്ലാതെ അധികാരമില്ല എന്ന ന്യായമല്ല പറയേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ലല്ലോ നിലപാട് എന്നും കോടതി ചോദിച്ചിരുന്നു. ഹരിയാന, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം നല്‍കിയ സഹായങ്ങള്‍ കോടതി പരാമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റെ അധികാര പരിധിയുള്ള ബാങ്കുകള്‍ ഏതൊക്കെയാണെന്നും കോടതി ആരാഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.