'താജ്മഹലും നിയമസഭാ മന്ദിരവും ഈ കോടതി കെട്ടിടം പോലും നാളെ തങ്ങളുടേതാണെന്ന് പറയും': വഖഫ് ബോര്‍ഡിനെ നിര്‍ത്തി പൊരിച്ച് ഹൈക്കോടതി

'താജ്മഹലും നിയമസഭാ മന്ദിരവും ഈ കോടതി കെട്ടിടം പോലും നാളെ തങ്ങളുടേതാണെന്ന് പറയും':  വഖഫ് ബോര്‍ഡിനെ നിര്‍ത്തി പൊരിച്ച്  ഹൈക്കോടതി

കൊച്ചി: മുനമ്പം വഖഫ് ഭൂമിയല്ല എന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്ന് നടത്തിയ നിര്‍ണായക വിധി പ്രസ്താവത്തില്‍ വഖഫ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനം.

ഭൂമി വാങ്ങി അതില്‍ താമസിക്കുന്നവരുടെ അടിസ്ഥാന അവകാശങ്ങളെ ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചു. ഇത്തരത്തിലുള്ള ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തില്‍ കോടതി മുദ്ര പതിപ്പിച്ച് നിയമ സാധുത നല്‍കിയാല്‍ ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് നാളെ വഖഫ് ആണെന്നു പറയും. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാല താമസത്തോടെയുള്ള സാങ്കല്‍പികമായ അധികാര പ്രയോഗം കോടതി അനുവദിക്കില്ല. ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മുമ്പത്തെ ഭൂമി ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് ഉടമ സമ്മാനമായി നല്‍കിയതാണ്. മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിയത്. മുനമ്പം ഭൂമി ഒരു ദാനമാണെന്ന് ഫാറൂഖ് കോളജിന് തന്നെ അറിയാമെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

മുനമ്പം വിഷയം പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിയമ സാധുതയില്ല എന്ന്ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചത്. നേരത്തെ കമ്മീഷന് നിയമ സാധുതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.