പാക് വ്യോമാക്രമണം: മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍

 പാക് വ്യോമാക്രമണം: മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി. വ്യോമാക്രമണത്തില്‍ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം പത്ത് പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടുത്ത മാസം അഞ്ച് മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്.

ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പാകിസ്ഥാന്റെ നടപടി പ്രാകൃതമാണെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാന്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. സംഘര്‍ഷത്തില്‍ ഇരുവശത്തും ആള്‍നാശമുണ്ടായിരുന്നു. പിന്നീട് ഇരു സൈന്യങ്ങളും 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സംഘര്‍ഷങ്ങളില്‍ അയവുവരുത്തുമെന്ന് കരുതിയെങ്കിലും പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രണം വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.