ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ കൈയ്യൊപ്പുമായി 'ധ്വനി' വരുന്നു; വെറും മൂന്ന് മിനിറ്റില്‍ പാകിസ്ഥാനിലെത്തും, 15 മിനിറ്റില്‍ ചൈനയിലും

ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ കൈയ്യൊപ്പുമായി 'ധ്വനി' വരുന്നു;  വെറും മൂന്ന് മിനിറ്റില്‍ പാകിസ്ഥാനിലെത്തും, 15 മിനിറ്റില്‍ ചൈനയിലും

ന്യൂഡല്‍ഹി: ശബ്ദത്തേക്കാള്‍ ആറ് മടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ 'ധ്വനി' ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന.

ഇതോടെ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തും. ധ്വനിയുടെ വേഗം ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ പ്രതിരോധ രംഗത്തെ വന്‍ മുന്നേറ്റമായി ധ്വനി അടയാളപ്പെടുത്തപ്പെടും.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഇത് വികസിപ്പിക്കുന്നത്. 5,500 കിലോ മീറ്ററിന് മുകളില്‍ പ്രഹര പരിധിയിലുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ആണ്. അഗ്‌നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനിയെ ഘടിപ്പിക്കുക.

ചൈനയുടെ ഭാഗത്തു നിന്ന് വര്‍ധിച്ചു വരുന്ന ഹൈപ്പര്‍ സോണിക് ഭീഷണികള്‍ക്കെതിരായ തന്ത്രപ്രധാനമായ ആയുധമാണ് ധ്വനി. ചൈനയില്‍ നിന്ന് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ സുപ്രധാന പരീക്ഷണത്തിന് ഒരുങ്ങുന്നത്.

ഖര ഇന്ധനം ഉപയോഗിച്ച് കുതിക്കുന്ന ബൂസ്റ്റര്‍ റോക്കറ്റില്‍ നിന്ന് നാല് മുതല്‍ അഞ്ച് കിലോ മീറ്റര്‍ വരെ ഉയരത്തില്‍ വെച്ച് ധ്വനി വേര്‍പെടും. തുടര്‍ന്ന് അന്തരീക്ഷത്തിന്റെ മെസോസ്ഫിയര്‍ എന്ന ഭാഗത്തു കൂടിയാകും സഞ്ചരിക്കുക.

ഇതിലൂടെ എയ്‌റോ ഡൈനാമിക് ലിഫ്റ്റ് എന്ന സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗതിവേഗം വര്‍ധിപ്പിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കും. മാത്രമല്ല വേവ് റൈഡര്‍ എന്ന തത്വവും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്.

അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ മിസൈലിന്റെ മുന്‍വശത്ത് ശക്തമായ ഷോക്ക് വേവ് സൃഷ്ടിക്കപ്പെടുന്നു. ഈ ഷോക്ക് വേവിനെ മിസൈലിന്റെ രൂപകല്‍പ്പനയിലെ സവിശേഷത കൊണ്ട് അതിന്റെ കീഴ്ഭാഗത്തെ അരികുകളോട് ചേര്‍ത്ത് നിര്‍ത്തും. ഈ ഉയര്‍ന്ന മര്‍ദ്ദമുള്ള വായുവിന്റെ സാന്നിധ്യം മിസൈലിനെ താഴേക്ക് പോകുന്നതിന്റെ വേഗം കുറയ്ക്കുകയും മുന്നോട്ട് അതിവേഗം സഞ്ചരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഗ്ലൈഡ് ചെയ്യുമ്പോഴും അതിന് സ്വയം സഞ്ചാര പാതയില്‍ നിന്ന് വ്യതിചലിക്കാനും മറ്റൊരു സ്ഥലത്തെ ലക്ഷ്യം വയ്ക്കാനും സാധിക്കും. അതിനാല്‍ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രതിരോധം അസാധ്യമാക്കുകയും ചെയ്യും എന്ന സവിശേഷതയുമുണ്ട്.


ധ്വനിയില്‍ പത്തിലധികം പോര്‍ മുനകള്‍ വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ആയുധങ്ങളാണെങ്കില്‍ ഒരു ടണ്‍ ഭാരവും ആണവ പോര്‍ മുനകളാണെങ്കില്‍ 500 കിലോ ഗ്രാമും വഹിക്കാനാകുന്ന മിസൈലാണ് ധ്വനി.

ശബ്ദത്തേക്കളാള്‍ 21 മടങ്ങ് വരെ വേഗം കൈവരിക്കുന്നതിലൂടെ കേവലം 15 മിനിറ്റിനുള്ളില്‍ ചൈനയില്‍ ആക്രമണം നടത്താന്‍ ധ്വനിക്ക് സാധിക്കും. വിക്ഷേപിച്ച് 15 മിനിറ്റിനുള്ളില്‍ ടിബറ്റന്‍ പീഠഭൂമി മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെ ആക്രമണം നടക്കും.

ഡല്‍ഹിയില്‍ നിന്ന് ആയിരം കിലോ മീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെറും മൂന്ന് മിനിറ്റിനുള്ളില്‍ ധ്വനി പാഞ്ഞെത്തും. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടുന്നതിന് മുന്‍പ് ആക്രമണം നടക്കും. പാകിസ്ഥാനിലെ ചൈനീസ് നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തോ കഹ്തയിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലോ മിനിറ്റുകള്‍ കൊണ്ട് ആക്രമണം നടത്താനാകും.

ഡിആര്‍ഡിഒ വികസിപ്പിച്ച ധ്വനിക്ക് ചൈനയുടെ ഡി.എഫ് 17 ഗ്ലൈഡറിനേക്കാള്‍ വേഗതയുണ്ട്. താഴ്ന്ന സഞ്ചാര പാതയിലുടെ സഞ്ചരിക്കുന്നതിനാല്‍ ചൈനയുടെ ഭാഗത്തുള്ള ലഡാക്കിലെ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ 20 വിന്യസിച്ചിരിക്കുന്ന കേന്ദ്രങ്ങളെ തകര്‍ക്കാനാകും.

മാത്രമല്ല, തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ സംരക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ എച്ച്.ക്യു 19, പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് വാങ്ങിയ എച്ച്.ക്യു 9 എന്നീ പ്രതിരോധ സംവിധാനങ്ങളെ നശിപ്പിക്കാന്‍ ധ്വനിക്ക് നിഷ്പ്രയാസം സാധിക്കും.

നിലവിലെ കണക്കുകള്‍ അനുസരിച്ച് ഒരു യൂണിറ്റിന് 500 കോടി രൂപയോളമാകും നിര്‍മാണ ചെലവ്. എന്നാല്‍ ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് വഴിയുള്ള വന്‍തോതിലുള്ള ഉല്‍പാദനം ഇത് 200 കോടിയോളമായി കുറയ്ക്കാനാകും. ആദ്യഘട്ട പരീക്ഷണം കഴിഞ്ഞാല്‍ വ്യക്തമായ ഒരു പ്രോട്ടോ ടൈപ്പ് 2028 ല്‍ യാഥാര്‍ഥ്യമാകും. 2035 ആകുമ്പോഴേക്കും 200 ധ്വനി മിസൈലുകള്‍ നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.