മാനന്തവാടി: പ്രായത്തെയും വേഷത്തെയും വെല്ലുന്ന ഞെട്ടിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന.
കന്യാസ്ത്രീ വേഷത്തില്‍ ഹര്‍ഡില്‍സ് പോലൊരു മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ സബീനയെ കണ്ടപ്പോള്‍ കാണികളില്‍ അമ്പരപ്പായിരുന്നു. വിസില്‍ മുഴങ്ങിയതോടെ പിന്നെ കണ്ടത് ഞെട്ടിക്കുന്ന പ്രകടനം. സ്പോര്‍ട്സ് വേഷത്തില്‍ ചാടിയോടിയ താരങ്ങളെ പിന്തള്ളി അതിവേഗം സിസ്റ്റര്‍ സബീന കുതിച്ചു. ഒടുവില്‍ ഫിനിഷ് ചെയ്തത് സ്വര്‍ണ മെഡലും കൊണ്ട്.
55 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു മത്സരിച്ചത്. മാനന്തവാടി ദ്വാരക എ.യു.പി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സിസ്റ്റര്‍ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് ഒരു മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സിസ്റ്ററിനെ ഹര്‍ഡില്‍സ് ട്രാക്കില്‍ വീണ്ടും എത്തിച്ചത്. സ്വര്‍ണ തിളക്കത്തോടെആഗ്രഹം സഫലമാക്കിയാണ് സിസ്റ്റര്‍ കളം വിട്ടത്.
കാസര്‍കോട് എണ്ണപ്പാറ ഇടവകാംഗമാണ് സിസ്‌റ്റർ സബീന. 1993 ലാണ് വയനാട്ടിൽ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.