ഹമാസിന്റെ തടവറയില്‍ നിന്ന് മോചിതരായ ബന്ദികള്‍ കുടുംബാംഗങ്ങളോടൊപ്പം അയലോണ്‍ മാളിലെത്തി; സന്ദര്‍ശനം രഹസ്യമാക്കി അധികൃതര്‍

ഹമാസിന്റെ തടവറയില്‍ നിന്ന് മോചിതരായ ബന്ദികള്‍ കുടുംബാംഗങ്ങളോടൊപ്പം അയലോണ്‍ മാളിലെത്തി; സന്ദര്‍ശനം രഹസ്യമാക്കി  അധികൃതര്‍

ടെല്‍ അവീവ്: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസ് കഴിഞ്ഞ ആഴ്ച മോചിപ്പിച്ച 20 ബന്ദികളില്‍ പതിനെട്ട് പേര്‍ ഞായറാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ട ഷോപ്പിങ് നടത്താന്‍ രാമത് ഗാനിലെ അയലോണ്‍ മാള്‍ സന്ദര്‍ശിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനായി വളരെ രഹസ്യമായായിരുന്നു ഷോപ്പിങ്. മാളിലെ തിരക്കുകള്‍ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്തിന് പ്രമുഖ സ്റ്റോറുകളായ ഫോക്‌സ്, ഫോക്‌സ് ഹോം, അമേരിക്കന്‍ ഈഗിള്‍, എച്ച് ആന്‍ഡ് എം, സ്റ്റോറി, ഒപ്റ്റിക്കാന, ഫൂട്ട് ലോക്കര്‍ എന്നിവരോട് തുറന്നിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

സ്വകാര്യത ഉറപ്പാക്കാന്‍ ഈ സ്റ്റോറുകളിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് മോചിതരായ ബന്ദികളെയും അവരുടെ കുടുംബങ്ങളെയും മാളിലെത്തിച്ചു.

ബന്ദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭക്ഷണം നല്‍കുകയും ഫോക്സ് ഗ്രൂപ്പ് സ്റ്റോറുകളിലെല്ലാം ബന്ദികള്‍ക്ക് വൗച്ചറുകള്‍ നല്‍കുകയും ചെയ്തു. ഇവര്‍ക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങുന്നതിനും കുടുംബത്തോടൊപ്പം പുറത്തു പോകുന്നതിന്റെ അനുഭവം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഷോപ്പിങ്.

വാര്‍ത്തകളിലൂടെയും മറ്റും ഇസ്രയേലുകാര്‍ക്ക് സുപരിചിതരായ അവരെ പെട്ടന്ന് കാണുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കാനാണ് സന്ദര്‍ശനം രഹസ്യമാക്കി വച്ചതെന്ന് അയലോണ്‍ മാള്‍ അധികൃതര്‍ പിന്നീട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.