വന്‍ മാറ്റത്തിനൊരുങ്ങി സൈന്യം: 75 ശതമാനം വരെ അഗ്‌നീവീറുകളെ സേനയില്‍ നിലനിര്‍ത്തിയേക്കും

വന്‍ മാറ്റത്തിനൊരുങ്ങി സൈന്യം: 75 ശതമാനം വരെ അഗ്‌നീവീറുകളെ സേനയില്‍ നിലനിര്‍ത്തിയേക്കും

ന്യൂഡല്‍ഹി: കൂടുതല്‍ അഗ്‌നിവീറുകളെ സേനയില്‍ നിലനിര്‍ത്താന്‍ നീക്കം. നിലവില്‍ നാല് വര്‍ഷം തികച്ച അഗ്‌നിവീറുകളില്‍ 25 ശതമാനം പേരെ സേനയില്‍ നിലനിര്‍ത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇത് 75 ശതമാനം വരെയാക്കി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

അഗ്‌നിവീറുകളുടെ ആദ്യ ബാച്ച് അടുത്ത വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കും. ഈ ഘട്ടത്തിലാണ് ഇവരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജയ്‌സാല്‍മീറില്‍ ആരംഭിക്കുന്ന ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സിലെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. മൂന്ന് സേനാ വിഭാഗങ്ങള്‍ക്കിടയില്‍ യോജിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികള്‍, മിഷന്‍ സുദര്‍ശന്‍ ചക്രയുടെ നടത്തിപ്പ് അവലോകനം തുടങ്ങിയവയും അജണ്ടയില്‍ ഉള്‍പ്പെട്ടേക്കും.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സാണ് ജയ്‌സാല്‍മീരില്‍ നടക്കുന്നത്. രാജ്യ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും ഉയര്‍ന്ന് വരുന്ന വെല്ലുവിളികളെ നേരിടാനുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാണിത്. വിമുക്തഭടന്മാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് അവരുടെ അനുഭവ സമ്പത്തും കഴിവും പ്രയോജനപ്പെടുത്താനുള്ള വഴികളും സേന പരിഗണിക്കുന്നുണ്ട്.

നിലവില്‍, ആര്‍മി വെല്‍ഫെയര്‍ എജ്യുക്കേഷന്‍ സൊസൈറ്റി, എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകള്‍ എന്നിവയ്ക്ക് കീഴിലുള്ള പരിമിതമായ ചുമതലകളിലാണ് വിമുക്ത ഭടന്മാരെ നിയോഗിച്ചിട്ടുള്ളത്. ഇതിന് പകരം ഇവര്‍ക്ക് സേനാ വിഭാഗങ്ങളില്‍ ഉടനീളം വിപുലമായ പങ്കാളിത്തം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.