തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ആലിയക്കുന്നേല്‍ ഹമീദ് മക്കാറിന് (79) വധ ശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണല്‍ ജില്ലാ കോടതി. അഞ്ച് ലക്ഷം രൂപ പിഴയും ഇയാള്‍ ഒടുക്കണം.
വീട്ടില്‍ അതിക്രമിച്ച് കയറി പ്രശ്നങ്ങളുണ്ടാക്കിയതിന് പ്രതി പത്ത് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കണം. സ്വന്തം മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 2022 മാര്‍ച്ച് 19 ശനിയാഴ്ച പുലച്ചെ 12.30 നാണ് തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഷിബു എന്ന മുഹമ്മദ് ഫൈസലിനെയും(45) ഭാര്യ ഷീബയെയും (40) മക്കളായ മെഹറിന്‍ (16), അസ്‌ന (13) എന്നിവരെയും ഹമീദ് കൊലപ്പെടുത്തിയത്.
ഈ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരുന്നു. ഹമീദ് ജനല്‍ വഴി കിടപ്പു മുറിക്കുള്ളിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്.
അര്‍ധ രാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിഛേദിച്ചു.
തുടര്‍ന്ന് മകനും ഭാര്യയും മക്കളും ഉറങ്ങുന്ന കിടപ്പു മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍വാസി രാഹുല്‍ ഹമീദിനെ തള്ളി വീഴ്ത്തിയെങ്കിലും അയാള്‍ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. ഹമീദിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
നിര്‍ണായക സാക്ഷി മൊഴികള്‍ക്കും സാഹചര്യ തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. എം.സുനില്‍ മഹേശ്വരന്‍ പിള്ളയാണ് ഹാജരായത്.
പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം 139 രേഖകളും കോടതിയില്‍ ഹാജരാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.