ന്യൂഡല്‍ഹി: വിവിധ കേസുകളില്‍ കുറ്റാരോപിതരെ അനാവശ്യമായി ഉപദ്രവിക്കുന്നതും തടവിലാക്കുന്നതും തടയുന്നതിന്റെ ഭാഗമായി നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് രാജ്യ വ്യാപകമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി തീരുമാനം.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയുടെ സഹായം തേടുകയും ക്രിമിനല്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ഒരു ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ വിചാരണ ആരംഭിക്കാന്‍ കഴിയില്ല. മിക്ക കോടതികളിലും ഈ സാഹചര്യം നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ മുഴുവന്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ടെന്ന്  ഒരു ക്രിമിനല്‍ കേസില്‍ അമന്‍ കുമാര്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി കൂട്ടിച്ചേര്‍ത്തു. ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്താല്‍ വൈകാതെ തന്നെ  കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ നിരീക്ഷിച്ചു.
കോടതി കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാല താമസം വരുത്തിയതിനാല്‍ തന്റെ കക്ഷി  11 മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് അമന്‍ കുമാറിന്റെ അഭിഭാഷകന്‍ പരാതിപ്പെട്ടു. രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലും ഇത് ഒരു സാധാരണ പ്രവണതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 251(ബി) പ്രകാരം, ചര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.