തിരുവനന്തപുരം: ശബരിമല സ്വര്‍ണ തട്ടിപ്പ് കേസില്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തും സംശയ നിഴലില്‍. 2025 ല്‍ അല്ല, 2024 ലാണ് ദ്വാരപാലക ശില്‍പങ്ങളില്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നുമാണ് പുതിയ കണ്ടെത്തല്‍.
കോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി പി.എസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും കുറ്റപ്പെടുത്തി.
എസ്.ഐ.ടിയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.
2024 സെപ്റ്റംബര്‍ മൂന്നിന് തിരുവാഭരണം കമ്മീഷണര്‍ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്ക് അയച്ച കത്തില്‍ പാളികളില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചതായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും നിറം മങ്ങിയിട്ടുണ്ടെന്നും പ്ലേറ്റിങ് ഇളകിയതായും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കത്ത് ലഭിച്ച ഉടന്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് 2024 മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് പാളികള്‍ നന്നാക്കി തിരിച്ചു കൊണ്ടുവരണം എന്ന് നിര്‍ദേശം നല്‍കി.
ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു സ്‌പോണ്‍സര്‍. 2024 ല്‍ മണ്ഡല പൂജയ്ക്ക് നട തുറക്കുന്നതിനു മുന്‍പേ ദ്വാരപാല പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി കൊടുത്തു വിടാനുള്ള എല്ലാ പേപ്പര്‍ വര്‍ക്കുകളും ഉത്തരവുകളും പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ഇത്രയധികം ധൃതി കാണിച്ചിട്ടും 2024 ല്‍ പാളികള്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തിയില്ല. ഈ ധൃതി കെട്ടിച്ചമച്ച ഒന്നായിരുന്നു എന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുകെട്ടാന്‍ വേണ്ടിയാണ് 2024 ല്‍ അത്തരമൊരു തിടുക്കം ദേവസ്വം ബോര്‍ഡ് കാണിച്ചത് എന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2025 ല്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയാതെ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടുകയായിരുന്നു. 2024 മുതല്‍ 2025 വരെ പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് നടത്തിയ നടപടികള്‍ അതീവ ദുരൂഹവും സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നതുമാണെന്ന് കോടതി വ്യക്തമാക്കി. 2025 സെപ്റ്റംബര്‍ രണ്ടിന് പാളികള്‍ 'സ്മാര്‍ട്ട് ക്രിയേഷന്‍സി'ല്‍ കൊണ്ടു പോകാന്‍ ബോര്‍ഡ് അനുമതി നല്‍കിയ വിവരങ്ങള്‍ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നേരത്തെ ശബരിമല ശ്രീകോവില്‍ വാതില്‍ കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തുകയും വാതിലുകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തു എന്ന സംശയം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്താരാഷ്ട്ര ക്രിമിനലായ സുഭാഷ് കപൂറിനെപ്പോലെ പുരാവസ്തു കള്ളക്കടത്തുകാരന്റെ രീതിയിലുള്ള ഇടപെടലാണോ ശബരിമലയില്‍ നടത്തിയത് എന്ന് കോടതി ചോദിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വലിയ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ശ്രീകോവലിലുള്ള ഏത് ഉരുപ്പടിയുടെ അളവെടുക്കാനും അതിന്റെ പകര്‍പ്പ് ഉണ്ടാക്കാനുമുള്ള സ്വാതന്ത്ര്യം അയാള്‍ക്ക് ലഭിച്ചു.
അങ്ങനെ എടുക്കുന്ന പകര്‍പ്പുകള്‍ക്ക് അന്താരാഷ്ട്ര ടെംപിള്‍ ആര്‍ട്ട് മാര്‍ക്കറ്റില്‍ എന്ത് മൂല്യമാണ് ഉള്ളതെന്നും അത്തരം ഇടപാടുകള്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്നും ഹൈക്കോടതി ഗൗരവമായ സംശയം പ്രകടിപ്പിച്ചു. ഇതില്‍ എസ്.ഐ.ടിയോട് വിശദമായ അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.