തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഷിപ് ബില്‍ഡിങ് ക്ലസ്റ്ററിന്റെ ഭാഗമായി തൂത്തുക്കുടിയില്‍ വമ്പന്‍ കപ്പല്‍ നിര്‍മാണശാല വരുന്നു. തുടക്കം തന്നെ 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സ്വകാര്യ സംരംഭകരുടേയും വിദേശ കപ്പല്‍ നിര്‍മാണ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹരിതോര്‍ജം ഉപയോഗിക്കുന്ന ആധുനിക ചരക്കുകപ്പലുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. തൂത്തുക്കുടി ക്ലസ്റ്റര്‍ നിര്‍മാണത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കീഴിലുള്ള തൂത്തുക്കുടി വി.ഒ ചിദംബരം പോര്‍ട്ടും തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്നാടും (സിപ്കോട്ട്) ധാരണാപത്രം ഒപ്പുവച്ചു.
കേരള തീരത്തിന് തൊട്ടടുത്ത് തൂത്തുക്കുടിയില്‍ കപ്പല്‍ നിര്‍മാണശാല വരുന്നതോടെ നേരത്തേ കേരളം വിഭാവനം ചെയ്തിരുന്ന പൂവാര്‍ കപ്പല്‍ നിര്‍മാണശാലയ്ക്കുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. 2011 ലാണ് പൂവാറില്‍ കപ്പല്‍ നിര്‍മാണശാലയെന്ന ആശയവുമായി കേന്ദ്രം കേരളത്തെ സമീപിക്കുന്നത്. അന്നത്തെ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസാണ് കേരളത്തില്‍ ഷിപ് ബില്‍ഡിങ് ക്ലസ്റ്റര്‍ നിര്‍മിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ പഠനത്തിനും നിയോഗിച്ചിരുന്നു.
പദ്ധതിയ്ക്ക് വിഴിഞ്ഞം, പൂവാര്‍, അഴീക്കല്‍ എന്നിവിടങ്ങള്‍ അനുയോജ്യമാണെന്ന് ഷിപ്പ്യാര്‍ഡ് കണ്ടെത്തുകയും ചെയ്തിരുന്നു. വിഴിഞ്ഞത്ത് തുറമുഖ പദ്ധതി പ്രഖ്യാപിക്കുകയും അഴീക്കല്‍ പദ്ധതി നടത്തിപ്പിന് പ്രായോഗികമല്ലെന്നും കണ്ടെത്തിയിരുന്നു. അതേസമയം പൂവാര്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് അനുയോജ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠന റിപ്പോര്‍ട്ട് അന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അന്ന് മുതല്‍ പൂവാര്‍ കപ്പല്‍ നിര്‍മാണശാല വ്യാവസായിക ലോകത്തും സര്‍ക്കാര്‍ വൃത്തങ്ങളിലും സജീവ ചര്‍ച്ചയാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നീട് താല്‍പര്യം കാണിച്ചില്ല. കടലില്‍ 30 മീറ്റര്‍ സ്വാഭാവിക ആഴം, അന്തര്‍ദേശീയ കപ്പല്‍ പാതയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരം എന്നതും പൂവാറില്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് അനുയോജ്യമായ ഘടകങ്ങളാണ്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള വിശാലമായ ബീച്ചും ഗുണകരമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ഥ്യമായതോടെ തൊട്ടടുത്തുള്ള പൂവാറില്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുക എളുപ്പമായിരുന്നു. 15000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പൂവാറില്‍ ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ യാഥാര്‍ഥ്യമാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പൂവാര്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് സംസ്ഥാനം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. പൂവാറില്‍ കപ്പല്‍ നിര്‍മാണശാലയ്ക്കായി ബ്രേക് വാട്ടര്‍ നിര്‍മിക്കുന്നതിന് വലിയ ചെലവ് വരുമെന്നും നെയ്യാര്‍ നദി കടലുമായി ചേരുന്ന പൊഴിക്കര ആയതിനാല്‍ വലിയ തോതില്‍ മണല്‍ ഇടിയുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.