തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെതിരെ ഹൈക്കോടതി ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തിന്‍ അദേഹത്തിന്റെ കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം.
മുന്‍ എംപി എ. സമ്പത്ത്, കയര്‍ഫെഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ടി.കെ ദേവകുമാര്‍ എന്നിവരുടെ പേരുകളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുക്കും.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. പി എസ് പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ. അജികുമാറും പുറത്തേക്ക് എന്ന സൂചനയാണ് ലഭിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണ് പിഎസ് പ്രശാന്തിനും എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. വരുന്ന 12 ന് കാലാവധി അവസാനിക്കുന്ന ഇരുവര്‍ക്കും ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും വിവരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.