പേരാമ്പ്രയില്‍ സ്‌കൂള്‍ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച് 16 കാരന്‍: 25 വയസുവരെ ലൈസന്‍സില്ല; നടപടിയുമായി എംവിഡി

പേരാമ്പ്രയില്‍ സ്‌കൂള്‍ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച് 16 കാരന്‍: 25 വയസുവരെ ലൈസന്‍സില്ല; നടപടിയുമായി എംവിഡി

കോഴിക്കോട്: സ്‌കൂള്‍ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരേ കാര്‍ ഓടിച്ച് കയറ്റി സാഹസിക അഭ്യാസ പ്രകടനം നടത്തിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയ്‌ക്കെതിരെയാണ് നടപടി.

അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വാഹനത്തിന്റെ ആര്‍സി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോ. ആര്‍ടിഒ ടി.എം പ്രഗീഷ് വ്യക്തമാക്കി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 25 വയസുവരെ ലൈസന്‍സ് നല്‍കരുതെന്ന ശുപാര്‍ശ ഗതാഗത കമ്മിഷണര്‍ക്ക് നല്‍കുമെന്നും എംവിഡി അറിയിച്ചു.

ആര്‍സി ഉടമയും വിദ്യാര്‍ഥിയും പൊലീസ് സ്റ്റേഷനിലും ജോ. ആര്‍ടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമയുടെ അടുത്ത ബന്ധുവാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു. മനുഷ്യ ജീവന് അപായം ഉണ്ടാക്കുന്ന വിധത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ആര്‍സി ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ 10: 45 ഓടെയാണ് സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനം നടത്തുകയായിരുന്ന കുട്ടികള്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചത്. കുട്ടികള്‍ നില്‍ക്കുന്നതിനിടയിലേക്ക് കാര്‍ പലതവണ അതിവേഗത്തില്‍ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിന്റെ വരവുകണ്ട് കുട്ടികള്‍ ഭീതിയോടെ മൈതാനത്ത് ചിതറിയോടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.