ജിം പരിശീലകന്റെ മരണം ഹൃദയാഘാതംമൂലം; അപകടകാരിയായത് മാംസ പേശികള്‍ വേഗത്തില്‍ വളരാന്‍ കഴിച്ച മരുന്നുകള്‍

ജിം പരിശീലകന്റെ മരണം ഹൃദയാഘാതംമൂലം; അപകടകാരിയായത് മാംസ പേശികള്‍ വേഗത്തില്‍ വളരാന്‍ കഴിച്ച മരുന്നുകള്‍

തൃശൂര്‍: മുളങ്കുന്നത്തുകാവ് ജിം പരിശീലകന്‍ കുമരനെല്ലൂര്‍ ഒന്നാംകല്ല് ചങ്ങാലി മാധവി(28)ന്റെ മരണം ഹൃദയാഘാതംമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴം പുലര്‍ച്ചെയാണ് മാധവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വേഗത്തില്‍ മാംസ പേശികള്‍ വളരാന്‍ സഹായിക്കുന്ന സ്റ്റിറോയ്ഡുകള്‍, പ്രോട്ടീന്‍ പൗഡര്‍, കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെന്‍ബ്യൂട്ടറോള്‍ ഗുളികകള്‍ എന്നിവ യുവാവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഇത്തരം വസ്തുക്കളുടെ അമിതമായ ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതിനും രക്തം കട്ട പിടിക്കുന്നതിനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനും തുടര്‍ന്ന് പെട്ടെന്നുള്ള മരണത്തിനും ഇടയാക്കുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ് ഹിതേഷ് ശങ്കര്‍ പറഞ്ഞു.

ഹൃദയാഘാതത്തിന് പുറമേ ഈ മരുന്നുകള്‍ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ മനുഷ്യന് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ദിവസം 0.8 മുതല്‍ 1.2 ഗ്രാം വരെ പ്രോട്ടീന്‍ മാത്രമാണ് ആവശ്യം. അത്ലീറ്റുകള്‍ക്കും ജിം പോലെയുള്ള വ്യായാമ മുറകള്‍ പരിശീലിക്കുന്നവര്‍ക്കും ഇത് 2 ഗ്രാം വരെയാകാം. സാധാരണ ഭക്ഷണക്രമത്തിലൂടെ ഈ അളവ് കൈവരിക്കാനുമാകും.

സ്റ്റിറോയ്ഡുകളും പ്രോട്ടീന്‍ പൗഡറും ഉപയോഗിക്കുന്നത് എല്ലിന് ബലക്ഷയം ഉണ്ടാക്കുകയും മൂത്രത്തില്‍ യൂറിയയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. ഇത്തരം സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും ഡോ. ഹിതേഷ് ശങ്കര്‍ ഓര്‍മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.