സവാദിന്റേത് നിര്‍ണായക വെളിപ്പെടുത്തല്‍: കൈവട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിലേക്ക് കൂടുതല്‍ അന്വേഷണം; വന്‍ ഗൂഢാലോചന നടന്നതായി എന്‍ഐഎ

സവാദിന്റേത് നിര്‍ണായക വെളിപ്പെടുത്തല്‍: കൈവട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിലേക്ക് കൂടുതല്‍ അന്വേഷണം; വന്‍ ഗൂഢാലോചന നടന്നതായി എന്‍ഐഎ

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പ്രൊഫസര്‍ ടി.ജെ ജോസഫ് കൈവെട്ട് കേസില്‍ കൂടുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ എന്‍.ഐ.എ അന്വേഷണം വിപുലീകരിക്കുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) കൂടുതല്‍ അംഗങ്ങള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്.

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിയ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്നുമാണ് എന്‍ഐഎ നിലപാട്. ഇത്തരം വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തുടരന്വേണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചു.

കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചത്. ടി.ജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചിരുന്നു എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടി.ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സവാദ് ആയിരുന്നു അധ്യാപകന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സവാദ് 2024 ജനുവരി പത്തിന് കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. ഷാജഹാന്‍ എന്ന വ്യാജ പേരില്‍ ആയിരുന്നു ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഫര്‍ സി എന്നയാളാണ് സവാദിന് കണ്ണൂരില്‍ സംരക്ഷണം ഒരുക്കിയത് എന്നും എന്‍ഐഎ പറയുന്നു. 2020 മുതല്‍ അറസ്റ്റിലാകും വരെ കണ്ണൂരിലെ ചാക്കാട്, മട്ടന്നൂര്‍ പ്രദേശങ്ങളില്‍ സവാദ് ഒളിവില്‍ കഴിഞ്ഞു. സവാദിനെ സഹായിച്ച കേസിലെ 55-ാം പ്രതിയായി സഫര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.