ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം: കണ്ടന്റ് ക്രിയേറ്റർമാർ ആശങ്കയിൽ; രാജ്യം വിടാൻ ആലോചന

ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം: കണ്ടന്റ് ക്രിയേറ്റർമാർ ആശങ്കയിൽ; രാജ്യം വിടാൻ ആലോചന

മെൽബൺ: ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനുള്ള നീക്കം കണ്ടന്റ് ക്രിയേറ്റർമാരുടെ ഇടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ നിയമം ഡിസംബർ 10 ന് പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ വരുമാനം കുത്തനെ കുറയുമെന്ന ആശങ്കയിലാണ് പ്രമുഖ ക്രിയേറ്റർമാർ ഉൾപ്പെടെയുള്ളവർ രാജ്യം വിടാൻ ആലോചിക്കുന്നത്.

"പ്രധാന പരസ്യക്കാർ ഓസ്‌ട്രേലിയ വിട്ടുപോവുകയാണെങ്കിൽ ഞങ്ങൾക്ക് ഇവിടെ ബിസിനസ് തുടരാൻ കഴിയില്ല. പണമുണ്ടാക്കാൻ വേണ്ടി ഞങ്ങൾ വിദേശത്തേക്ക് മാറും," 23-ാം വയസിൽ 50 മില്യൺ ഡോളർ മൂല്യമുള്ള ഗെയിമിങ് കണ്ടന്റ് കമ്പനി സ്ഥാപിച്ച ജോർദാൻ ബാർക്ലേ പറഞ്ഞു. നിരോധനം നടപ്പിലാകുന്നതോടെ ഒരു ദശലക്ഷത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്നാണ് കണക്കാക്കുന്നത്.

നിരോധനം നിലവിൽ വരുന്നതോടെ പരസ്യവരുമാനം, വീഡിയോകളുടെ വ്യൂസ് എന്നിവ ഗണ്യമായി കുറയുമെന്നാണ് ഇൻഫ്ലുവൻസർമാർ ഭയപ്പെടുന്നത്. ഇത് കുട്ടികൾക്കായി വിജ്ഞാനപ്രദമായ നല്ല ഉള്ളടക്കം നിർമ്മിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

തങ്ങളുടെ കരിയർ പ്രതിസന്ധിയിലായാൽ രാജ്യം വിടാൻ നിർബന്ധിതരാകുമെന്ന് ഫാമിലി വ്ലോഗർമാർ ഉൾപ്പെടെയുള്ള നിരവധി ക്രിയേറ്റർമാർ അധികൃതരെ അറിയിച്ചു.

ഡിസംബർ നാല് മുതൽ മെറ്റാ പുതിയ അണ്ടർ-16 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിലവിലുള്ള ആക്‌സസ് റദ്ദാക്കാനും തുടങ്ങും. ഡിസംബർ പത്തോടെ അറിയപ്പെടുന്ന എല്ലാ അണ്ടർ-16 അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 16 വയസ് തികയുമ്പോൾ കൗമാരക്കാർക്ക് അവരുടെ അക്കൗണ്ടുകൾ അവർ ഉപേക്ഷിച്ച നിലയിൽ തന്നെ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഓസ്ട്രേലിയൻ ഗവൺമെൻ്റിൻ്റെ ഈ തീരുമാനം തിടുക്കത്തിലുള്ളതാണെന്നുള്ള ആശങ്കയും സോഷ്യൽ മീഡിയ കമ്പനികൾ പങ്കുവെച്ചിരുന്നു. സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ ഓൺലൈൻ അനുഭവങ്ങൾ സൃഷ്ടിക്കുക എന്ന ഓസ്‌ട്രേലിയൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും പക്ഷേ കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നും അകറ്റി നിർത്തുന്നത് പരിഹാരമല്ലെന്നും മെറ്റ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.