തൃശൂര്‍: ത്രിതല പഞ്ചായത്തുകളിലെ എസ്ഡിപിഐ-ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസില്‍ കൂട്ട നടപടി. തൃശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് ബിജെപിക്കൊപ്പം സഖ്യത്തിലേര്‍പ്പെട്ടതും ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായതിലുമാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. 14 പേരെ ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്. മറ്റത്തൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളെയും ബിജെപിയൊടൊപ്പം ചേര്‍ന്ന് പ്രസിഡന്റായ കോണ്‍ഗ്രസ് വിമത ടെസി കല്ലറക്കലിനെയും അടക്കമാണ് പുറത്താക്കിയത്. ഇതോടൊപ്പം ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായ എ.എം നിധീഷിനെയും മറ്റത്തൂരില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കെ.ആര്‍ ഔസേപ്പിനെയും പുറത്താക്കി.
ചൊവ്വന്നൂരില്‍ യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് ആറ്, എന്‍ഡിഎ ഒന്ന്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളും നിധീഷിനെ പിന്തുണച്ചു. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിധീഷിനോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് രാജിവെക്കണമെന്ന നിര്‍ദേശവും എത്തിയിരുന്നു. തുടര്‍ന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
മറ്റത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ജയിച്ച എട്ട് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി രാജിവച്ച് ബിജെപിക്കൊപ്പം സഖ്യം രൂപവല്‍കരിച്ചത്. തുടര്‍ന്ന് ഈ എട്ട് പേരുടെയും ബിജെപി അംഗങ്ങളുടെയും പിന്തുണയില്‍ യുഡിഎഫ് വിമത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ച എട്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മറ്റത്തൂരിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് ഡിസിസി സെക്രട്ടറി ടി.എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ 'ഓപ്പറേഷന്‍ താമര' നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.