പാകിസ്ഥാനില്‍ ടിക്ടോക് താരം വെടിയേറ്റു മരിച്ചു: ഈ വര്‍ഷം മാത്രം പൊലിഞ്ഞത് അഞ്ച് സോഷ്യല്‍ മീഡിയ വനിത ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

പാകിസ്ഥാനില്‍ ടിക്ടോക് താരം വെടിയേറ്റു മരിച്ചു: ഈ വര്‍ഷം മാത്രം പൊലിഞ്ഞത് അഞ്ച് സോഷ്യല്‍ മീഡിയ വനിത ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക്ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഷംസോ ബീബി അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. 1.3 മില്യണിലധികം ഫോളോവേഴ്സുള്ള ഷംസോയ്ക്ക് നേരെ പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് ടക്സില നഗരത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൗമാരക്കാരായ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഷംസോയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കഴുത്തിന് വെടിയേറ്റ ഷംസോ തല്‍ക്ഷണം മരണപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പതിനഞ്ചുകാരിയായ സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് സംശയിക്കുന്നതായി ഷംസോയുടെ കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കൗസര്‍, ജാവേദ് എന്നിവരുമായി ഷംസോയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും, നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കൂടാതെ കാഷിഫ് എന്ന വ്യക്തി ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷംസോ ആക്രമിക്കപ്പെട്ടതെന്നും പിതാവ് ഫസല്‍ സാഹിബ്സാദ നല്‍കിയ പരാതിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഒളിയിടവും മറ്റ് വിവരങ്ങളും നല്‍കിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൃത്യം നടത്തിയ മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രാജ്യത്ത് ജനശ്രദ്ധ നേടുന്ന വനിതാ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം മാത്രം പാകിസ്ഥാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക്ടോക് താരമാണ് ഷംസോ ബീബി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.