ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് സംഘര്‍ഷം തുടരുകയാണെങ്കില്‍ യൂറോപ്പിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെ നേരിട്ട് ലക്ഷ്യമിടാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ സൈനിക തന്ത്രങ്ങള്‍ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് മാറ്റാന്‍ ഭരണകൂടം തീരുമാനിച്ചതായി മുതിര്‍ന്ന ഇറാന്റെ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തി. അമേരിക്കയും സഖ്യകക്ഷികളും പ്രകോപനം തുടര്‍ന്നാല്‍ പശ്ചിമേഷ്യന്‍ അതിരുകള്‍ക്കപ്പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്നാണ് ടെഹ്റാനില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പ്.
ബള്‍ഗേറിയയിലുള്ള ബെസ്മര്‍ എയര്‍ ബേസ്, സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം എന്നിവയാണ് ഇറാന്റെ പ്രധാന ആക്രമണ ലക്ഷ്യങ്ങളെന്നാണ് വിവരങ്ങള്‍. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സൈനിക സഹായങ്ങള്‍ക്കും അനുമതി നല്‍കിയതിനാലാണ് ബള്‍ഗേറിയന്‍ ബേസ് ഇറാന്റെ പ്രതികാരപ്പട്ടികയില്‍ ഇടംപിടിച്ചത്. മുന്‍പ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായ സൈപ്രസിലെ ബ്രിട്ടീഷ് കേന്ദ്രവും ഇറാന്റെ നിരീക്ഷണത്തിലാണ്. യൂറോപ്പിലെ സൈനിക താവളങ്ങള്‍ക്ക് പുറമെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള തന്ത്രപ്രധാനമായ കടലടിത്തട്ടിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ തകരാറിലാക്കാനും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണ തര്‍ക്കങ്ങളും സമാധാന ചര്‍ച്ചകളുടെ പരാജയവുമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ വന്‍ യുദ്ധ ഭീഷണിയിലേക്ക് നയിച്ചത്. കടലിടുക്ക് തങ്ങളുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ മാപ്പ് പങ്കുവെച്ചത് ഇറാനെ പ്രകോപിപ്പിച്ചിരുന്നു. ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കാതെ ഈ വഴിയുള്ള കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യന്‍ മേഖല വീണ്ടും ഒരു വന്‍ സൈനിക ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.