ഡിജിറ്റല്‍ പൂട്ട്: അഞ്ച് മാസത്തിനിടെ കേന്ദ്രം നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

ഡിജിറ്റല്‍ പൂട്ട്: അഞ്ച് മാസത്തിനിടെ കേന്ദ്രം നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഏകദേശം രണ്ട് ലക്ഷത്തോളം (1.95 ലക്ഷം) ഉള്ളടക്കങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കേന്ദ്ര നിര്‍ദേശ പ്രകാരം നീക്കം ചെയ്തത്. പ്രതിദിനം ശരാശരി 1275 പോസ്റ്റുകള്‍ വീതം കേന്ദ്ര നിരീക്ഷണത്തില്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കും ഗൂഗിളിന്റെ യൂട്യൂബിനും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വലിയ തോതിലുള്ള ഉള്ളടക്ക നീക്കം നടന്നിട്ടുള്ളത്. ഇതില്‍ ഫേസ്ബുക്കില്‍ നിന്ന് മാത്രം എണ്‍പതിനായിരത്തോളം പോസ്റ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു. കൂടാതെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ പ്രചരിച്ച 15000 ത്തോളം വീഡിയോകളും ഇതേ കാലയളവില്‍ കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമായി.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സഹയോഗ് പ്ലാറ്റ്ഫോം വഴിയാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ സെന്‍സര്‍ഷിപ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്. സഹയോഗ് പോര്‍ട്ടല്‍ ഓട്ടോമാറ്റിക്കായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തില്‍ രണ്ട് ലക്ഷത്തോളം പോസ്റ്റുകള്‍ക്കെതിരെ കമ്പനികള്‍ തത്സമയം നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഭീമന്മാരും തമ്മിലുള്ള തടസമില്ലാത്ത ഈ സഹകരണം പൗരന്മാരുടെ വിവരവിനിമയ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഡല്‍ഹിയില്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച വിദ്യാര്‍ഥി പ്രക്ഷോഭം നടന്ന അതേ കാലയളവിലാണ് കേന്ദ്രത്തിന്റെ ഈ വന്‍ തോതിലുള്ള സോഷ്യല്‍ മീഡിയ നിയന്ത്രണം നടപ്പിലായത് എന്നത് ഏറെ ശ്രദ്ധേയമാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സമരം സംഘടിപ്പിക്കുന്നതിനും വാര്‍ത്തകള്‍ തത്സമയം പുറത്തെത്തിക്കുന്നതിനും പ്രധാനമായും സോഷ്യല്‍ മീഡിയയെയാണ് ആശ്രയിച്ചിരുന്നത്.

ഇംഗ്ലീഷ്, ഹിന്ദി മുഖ്യധാര മാധ്യമങ്ങള്‍ ഈ സമരത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നപ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചാരണങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.