പൊതുപരിപാടികള്‍ റദ്ദാക്കി ഗ്യാനേഷ് കുമാര്‍; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

പൊതുപരിപാടികള്‍ റദ്ദാക്കി ഗ്യാനേഷ് കുമാര്‍; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ തന്റെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാക്കളും ബി.എല്‍.ഒമാരും പങ്കെടുക്കേണ്ടിയിരുന്ന ഗ്രാന്‍ഡ് ഡയലോഗ് പരിപാടിയും തിങ്കളാഴ്ച വാരാണസിയില്‍ നടക്കാനിരുന്ന സമാന സ്വഭാവമുള്ള യോഗവുമാണ് റദ്ദാക്കിയത്. ഇതിനിടെ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തോടുള്ള രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ എതിര്‍പ്പ് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും എസ്.ഐ.ആര്‍ പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നീക്കം നടത്തുകയാണ്. ഇതിനായി ഒരാഴ്ചയ്ക്കകം നോട്ടീസ് നല്‍കുന്നതിന്റെ ഭാഗമായി നിയമപരിശോധനകള്‍ ആരംഭിച്ച് കഴിഞ്ഞു.

നേരത്തെ ഏപ്രില്‍ 24 ന് 73 പ്രതിപക്ഷ എം.പിമാര്‍ ഒപ്പുവെച്ച നോട്ടീസ് രാജ്യസഭയില്‍ നല്‍കിയിരുന്നെങ്കിലും ഇരു സഭകളിലും സമര്‍പ്പിച്ച നോട്ടീസുകള്‍ തള്ളപ്പെടുകയായിരുന്നു. പുതിയ ഫോം ആറില്‍ 2002 ലെ എസ്.ഐ.ആര്‍ സംബന്ധിച്ച ചോദ്യം ഏകപക്ഷീയമായി ഉള്‍പ്പെടുത്തിയത്, ഡേറ്റാബേസിന്റെ കേന്ദ്രീകൃത നിയന്ത്രണം ഡല്‍ഹി കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാറ്റിയത്, ബംഗാളില്‍ 14 ലക്ഷം വോട്ടര്‍മാരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയ കത്ത് തുടങ്ങിയ ഗുരുതര വിഷയങ്ങളാണ് മറ്റ് കമ്മിഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഗ്യാനേഷ് കുമാറിനെതിരെ സമഗ്രമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.