ആയത്തുള്ള ഖൊമേനിയുടെ ഭരണത്തില്‍ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ്.
ടെഹ്‌റാന്‍: ജനകീയ പ്രക്ഷോഭം അതിശക്തമായ ഇറാനില്‍ അമേരിക്കന്‍ സൈനിക നീക്കത്തിന് സാധ്യതയേറി. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ഇറാനിലെ മത ഭരണകൂടം. എന്നാല്‍ അയത്തൊള്ള അലി ഖൊമേനിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് കൂടുതല്‍ ശക്തമാവുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 72 പേര്‍ മരിച്ചു.
രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ ഭരണത്തില്‍ നിന്ന് ഇറാനെ മോചിപ്പിക്കുന്നതിനാവശ്യമായ സഹായം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
'മുമ്പെങ്ങും കാണാത്ത തരത്തില്‍ ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. സഹായിക്കാന്‍ യു.എസ് തയ്യാറാണ്.'-ട്രംപ് കുറിച്ചു. ഇറാന്‍ വലിയ പ്രശ്‌നത്തിലാണെന്നും ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് ഉത്തരവിടുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള കുറിപ്പ്.
നിലവില്‍ അമേരിക്കയിലുള്ള ഇറാന്‍ കിരീടവകാശി റെസ പഹ്‌ലവിയും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ വീഡിയോ സന്ദേശത്തില്‍ അദേഹം ആവശ്യപ്പെട്ടു. ഇറാനില്‍ നിന്ന് പുറത്താക്കപ്പെട്ട് അമ്പത് വര്‍ഷം പിന്നിടുന്ന വേളയില്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതായുള്ള സൂചനയും അദേഹം നല്‍കി.
അതേസമയം രാജ്യത്തെമ്പാടും ഇന്റര്‍നെറ്റ് നിരോധിച്ചിട്ടും പ്രക്ഷോഭത്തെ അടക്കി നിര്‍ത്താന്‍ ഇറാന്‍ ഭരണകൂടത്തിന് സാധിച്ചില്ല. ജീവിതച്ചെലവ് കുത്തനെ വര്‍ധിച്ചതും ഇറാന്റെ കറന്‍സി മൂല്യം ഇടിഞ്ഞതുമാണ് ജനത്തെ പ്രകോപിപ്പിച്ചത്. സംഘര്‍ഷത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ ഇതുവരെ 2300 ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു
പ്രതിഷേധക്കാരെ ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായ 'ദൈവത്തിന്റെ ശത്രുക്കളായി' കണക്കാക്കുമെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് കീഴടങ്ങില്ലെന്ന നിലപാടിലാണ് അയത്തൊള്ള അലി ഖൊമേനി.
പ്രതിഷേധം ഇറാന് പുറത്തേക്കും വ്യാപിക്കുന്നുണ്ട്. ലണ്ടനിലെ കെന്‍സിങ്ടണിലെ ഇറാന്‍ എംബസിയുടെ ബാല്‍ക്കണിയില്‍ കയറിയ സമരാനുകൂലികള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക വലിച്ചുകീറി. 1979 ന് മ്പ് രാജവാഴ്ച കാലത്തെ 'സിംഹവും സൂര്യനും' എന്ന ചിഹ്നം ഇവിടെ സ്ഥാപിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.