ക്രിസ്തുവുമായുള്ള സൗഹൃദം വ്യത്യസ്തമായ തെരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ പ്രേരിപ്പിക്കുന്നു; 'ഇതുവരെ ചെയ്തതുപോലെ തുടർന്നാൽ മതി' എന്ന പ്രലോഭനത്തിനെതിരെ മാർപാപ്പയുടെ മുന്നറിയിപ്പ്

ക്രിസ്തുവുമായുള്ള സൗഹൃദം വ്യത്യസ്തമായ തെരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ പ്രേരിപ്പിക്കുന്നു; 'ഇതുവരെ ചെയ്തതുപോലെ തുടർന്നാൽ മതി' എന്ന പ്രലോഭനത്തിനെതിരെ മാർപാപ്പയുടെ മുന്നറിയിപ്പ്

വത്തിക്കാൻ സിറ്റി: ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. നമ്മുടെ ജീവിതങ്ങളെയും ലോകത്തെയും രൂപാന്തരപ്പെടുത്തുന്നതിന് യേശുവുമായുള്ള വ്യക്തിബന്ധം വളർത്തിയെടുക്കുകയും അത് ഓരോ ദിവസവും പുതുക്കുകയും ചെയ്യണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ഓഗസ്റ്റ് 23 -ാം തീയതി ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പാ. 'സ്വന്തം ബോധ്യങ്ങളിലേക്കും മതപരമായ പതിവു ശീലങ്ങളിലേക്കും ചുരുങ്ങിപ്പോകാതെ ക്രിസ്തുവുമായുള്ള ഒരു യഥാർത്ഥ ബന്ധത്തിലേക്ക് എപ്പോഴും തുറവിയുള്ളവരാകാൻ നമുക്ക് ശ്രമിക്കാം' - പരിശുദ്ധ പിതാവ് പറഞ്ഞു.

ചിലപ്പോൾ, ക്രിസ്തീയ വിശ്വാസത്തിൻ്റെ കാര്യത്തിൽ, നാം കേൾക്കുന്നവയിലൂടെയോ അല്ലെങ്കിൽ നമുക്ക് കൈമാറിക്കിട്ടിയ പൊതുവായ അനുമാനങ്ങളിലൂടെയോ നാം സംതൃപ്തരായിരിക്കാം. എന്നിരുന്നാലും, നമ്മുടെ വ്യക്തിപരമായ പ്രതികരണമാണ് യേശു ആഗ്രഹിക്കുന്നത്. പുതിയ കണ്ടുമുട്ടലുകളിലൂടെ യേശുവിനെ കൂടുതൽ അടുത്തറിയാനും അങ്ങനെ രൂപപ്പെടുന്ന സ്നേഹബന്ധത്തിൽ നിലനിൽക്കാനുമാണ് അവിടന്ന് നമ്മെ ക്ഷണിക്കുന്നത് - പാപ്പാ പറഞ്ഞു.

എല്ലാം അറിയാമെന്നു തോന്നുന്ന പ്രലോഭനത്തെ മറികടക്കണം

മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള ഞായറാഴ്ചത്തെ വായനയെ (മത്തായി 16:13-20) ആധാരമാക്കിയാണ് ലിയോ പാപ്പ ധ്യാനചിന്തകൾ പങ്കുവച്ചത്. അതിൽ യേശു തൻ്റെ ശിഷ്യന്മാരോട് ഇപ്രകാരം ചോദിക്കുന്നു: 'എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? (മത്തായി 16 : 15)

എല്ലാ കാലഘട്ടങ്ങളിലുമുള്ള ശിഷ്യർക്കും നാമോരോരുത്തർക്കും വേണ്ടിയുള്ള അടിസ്ഥാനപരമായ ചോദ്യമാണ് ഇത്. കാരണം, വിശ്വാസമെന്നത് സുവിശേഷത്തിലെ ക്രിസ്തുവിനെ നിരന്തരം അന്വേഷിച്ചു കണ്ടെത്തുന്ന ഒരു പ്രക്രിയയാണ്. നാം പറയുന്ന കാര്യങ്ങളും ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളും തമ്മിൽ പൊരുത്തപ്പെടുന്ന വിധത്തിൽ അത് ജീവിതത്തെ എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരം, നമുക്ക് എല്ലാം അറിയാം എന്ന പ്രലോഭനത്തെ മറികടക്കാനും വിശ്വാസത്തെ വെറുമൊരു ശീലമാക്കി ചുരുക്കാതിരിക്കാനും നമുക്ക് സാധിക്കും.

പുതിയതും അപരിചിതവുമായ പാതകൾ പിന്തുടരാം

ക്രിസ്തുവുമായുള്ള നമ്മുടെ സൗഹൃദം, അപരിചിതമായ പാതകൾ പിന്തുടരാനും നമ്മുടെ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ പ്രേരിപ്പിച്ചേക്കാം. നമ്മുടെ വ്യക്തിപരവും സഭാപരവുമായ ജീവിതത്തിലും അജപാലനപരമായ തെരഞ്ഞെടുപ്പുകളിലും ഇത് ഒരു യാഥാർത്ഥ്യമാണെന്ന് ലിയോ പാപ്പാ വിശദീകരിച്ചു.

നാം ഇതുവരെ ചെയ്തതുപോലെതന്നെ തുടർന്നാൽ മതി എന്നു ചിന്തിക്കുന്ന പ്രലോഭനത്തിനെതിരെ മാർപാപ്പ മുന്നറിയിപ്പു നൽകി. ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഏതാനും ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു. "കർത്താവ് എനിക്ക് ആരാണ്? ഞാൻ യഥാർത്ഥത്തിൽ അവിടത്തെ അറിയുന്നുണ്ടോ? സുവിശേഷം എന്താണ് ഇന്ന് എന്നോട് ആവശ്യപ്പെടുന്നത്? ഏതെല്ലാം ചുവടുവയ്പുകളും തീരുമാനങ്ങളും എടുക്കാനാണ് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നത്?"

'പ്രധാനപ്പെട്ട കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്ത ചരിത്രത്തിലെ മഹാനായ ഒരു വ്യക്തി മാത്രമാണോ കർത്താവായ യേശു, അതോ പിതാവായ ദൈവത്തിൻ്റെ സ്നേഹത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുവരുകയും നമ്മുടെ ജീവിതങ്ങളെയും ലോകത്തെയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നവനാണോ അവിടന്ന് എന്ന് അനുദിന ജീവിതത്തിലൂടെ നാം കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.