ഇല്ലിനോയിസ്: മൂന്ന് പതിറ്റാണ്ടോളം ദുബായിയുടെ ആരോഗ്യ മേഖലയില്‍ പ്രകാശപൂരിതമായ സേവനമനുഷ്ഠിക്കുകയും മൂവായിരത്തോളം കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ ചിരിയുണര്‍ത്താന്‍ സഹായിക്കുകയും ചെയ്ത പ്രശസ്ത മലയാളി ഗൈനക്കോളജിസ്റ്റ് ഡോ. മേരി ജോണ്‍ (81) വിടവാങ്ങി. പ്രിയപ്പെട്ടവര്‍ സ്‌നേഹപൂര്‍വം ഗേളി എന്ന് വിളിച്ചിരുന്ന ഡോക്ടറുടെ അന്ത്യം അമേരിക്കയിലെ ഇല്ലിനോയിസിലുള്ള സ്പ്രിങ്ഫീല്‍ഡില്‍ വെച്ചായിരുന്നു.
1987 ല്‍ ദുബായ് ഹോസ്പിറ്റലില്‍ സേവനം ആരംഭിച്ച ഡോ. മേരി ജോണ്‍, 1992 ല്‍ അല്‍ വാസല്‍ ഹോസ്പിറ്റലിലേക്ക് (നിലവിലെ ലത്തീഫ ഹോസ്പിറ്റല്‍) മാറുകയും 1996 മുതല്‍ ഒരു പതിറ്റാണ്ടുകാലം അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി മാതൃകാപരമായ നേതൃത്വം നല്‍കുകയും ചെയ്തു. പിന്നീട് ദുബായില്‍ വന്ധ്യതാ ചികിത്സയ്ക്ക് പുതിയ അധ്യായം കുറിച്ച ദുബായ് ഗൈനക്കോളജി ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെ ഹെഡ് ആയി 2013 ല്‍ അവര്‍ ചുമതലയേറ്റു. 29 വര്‍ഷത്തെ നീണ്ട സമാനതകളില്ലാത്ത ഔദ്യോഗിക ജീവിതത്തിന് ശേഷം 2016 ലാണ് അവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഡോക്ടറുടെ വിദഗ്ധമായ നേതൃത്വത്തില്‍ ഈ സെന്റര്‍ വഴി മാത്രം മൂവായിരത്തോളം കുഞ്ഞുങ്ങളാണ് പിറന്നുവീണത്.
കേവലം ഒരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി രോഗികള്‍ക്ക് മികച്ച ഒരു വഴികാട്ടിയായും ആത്മബന്ധമുള്ള സുഹൃത്തായും രണ്ടാമത്തെ അമ്മയായും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഡോ. മേരി ജോണ്‍. ദുബായുടെ ആരോഗ്യ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഈ അമ്മ ഡോക്ടറുടെ വിയോഗത്തില്‍ ദുബായിലെ പ്രമുഖ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് മേധാവികള്‍, മുന്‍കാല രോഗികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.