സ്കാർബറ: കാനഡയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ സ്കാർബറോ സീറോ മലബാർ ഫൊറോന ദേവാലയത്തിൽ അതിക്രമിച്ചു കയറി വൻ കവർച്ച. ഇറ്റലിയിലെ ഓർട്ടോണ സെന്റ് തോമസ് ബസിലിക്കയിൽ നിന്നും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിരുന്ന വി. തോമാശ്ലീഹായുടെ തിരുശേഷിപ്പാണ് മോഷ്ടാക്കൾ കവർന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഈ തിരുശേഷിപ്പ് സ്ഥാപിച്ചതിന് ശേഷമാണ് ദേവാലയത്തെ തീർത്ഥാടനകേന്ദ്രമായി ഉയർത്തിയിരുന്നത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. വെറുമൊരു മോഷണമല്ല മറിച്ച് പള്ളിയും വിശുദ്ധ വസ്തുക്കളും ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നു.
പള്ളി വികാരിയുടെ മുറി, വിവിധ ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ, സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലും മോഷ്ടാക്കൾ അതിക്രമിച്ചു കയറി. ഓഫീസിലെ വാതിലുകളും ജനലുകളും തകർക്കപ്പെട്ട നിലയിലാണ്. കമ്പ്യൂട്ടറുകൾ, ഓഫീസ് രേഖകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
ചരിത്ര പ്രാധാന്യമുള്ള തിരുശേഷിപ്പ് നഷ്ടപ്പെട്ടതിൽ മിസിസാഗ സീറോ മലബാർ രൂപത അധികൃതരും വിശ്വാസികളും കടുത്ത ദുഖവും ആശങ്കയും രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് മിസിസാഗ രൂപത പിആർഒ ഫാ. ജോർജ് ജോസഫ് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.