വാഷിങ്ടൺ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗർഭഛിദ്ര വിരുദ്ധ റാലിയായ മാർച്ച് ഫോർ ലൈഫിന്റെ 2026 ലെ വേദിയിൽ ആവേശമാകാൻ അമേരിക്കൻ ഭരണനേതൃത്വം. ജനുവരി 23 ന് വാഷിങ്ടൺ ഡിസിയിൽ നടക്കുന്ന 53-ാമത് വാർഷിക റാലിയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും പ്രധാന പ്രഭാഷകരായി എത്തും.
വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് ജെ.ഡി വാൻസ് മാർച്ച് ഫോർ ലൈഫ് വേദിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം തന്റെ ആദ്യ പൊതുപരിപാടിയായി വാൻസ് തിരഞ്ഞെടുത്തതും ഈ വേദിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ രാഷ്ട്രീയവും ധാർമ്മികവുമായ ആവശ്യകതയെക്കുറിച്ച് അദേഹം റാലിയെ അഭിസംബോധന ചെയ്യും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെങ്കിലും പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. ജീവന്റെ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് ഭരണകൂടത്തിന്റെ പൂർണ പിന്തുണ അദേഹം ഉറപ്പുനൽകും.
"Life is a Gift" (ജീവൻ ഒരു സമ്മാനമാണ്) എന്നതാണ് 2026 ലെ റാലിയുടെ ഔദ്യോഗിക പ്രമേയം. ഗർഭഛിദ്രത്തിനെതിരെയും ജീവന്റെ മഹത്വം ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന ഈ റാലിയിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂജേഴ്‌സിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്തും ചടങ്ങിൽ സംസാരിക്കും. അമേരിക്കൻ രാഷ്ട്രീയത്തിൽ 'പ്രോ-ലൈഫ്' നിലപാടുകൾക്ക് ലഭിക്കുന്ന വർദ്ധിച്ചു വരുന്ന പ്രാധാന്യമാണ് വാൻസിന്റെയും ജോൺസന്റെയും സാന്നിധ്യം സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.