അഫ്ഗാനില്‍ പാക് മരുന്ന് കച്ചവടത്തിന് പൂട്ട് വീഴുന്നു; പകരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കും

 അഫ്ഗാനില്‍ പാക് മരുന്ന് കച്ചവടത്തിന് പൂട്ട് വീഴുന്നു; പകരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പാകിസ്ഥാന്റെ ആധിപത്യം അവസാനിക്കുന്നു. പകരം ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള കയറ്റുമതി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നെത്തുന്നതിനേക്കാള്‍ ഗുണമേന്മയുളളതും അതേസമയം വിലക്കുറവില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണെന്ന് അഫ്ഗാനിലുളള ഫാര്‍മസിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ പാക് പങ്കാളിത്തം കുറഞ്ഞതായാണ് വിവരം. 2024 മുതല്‍ പാക് മരുന്നുകള്‍ക്കുള്ള ഡിമാന്‍ഡില്‍ കുറവ് സംഭവിച്ചതായും 2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ ഉപപ്രധാനമന്ത്രി അബ്ദുള്‍ ഘനി ബരാദര്‍ പാക് മരുന്നുകളുടെ മോശം നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നിരോധനം പ്രഖ്യാപിക്കുകയും വ്യാപാരികളോട് ഇന്ത്യ, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ബദലുകള്‍ തേടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 108 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് അയച്ചിരുന്നു. 2025 ന്റെ ബാക്കി കാലയളവില്‍ 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

2025 നവംബറിന് മുമ്പ്, അഫ്ഗാനിസ്ഥാന്റെ പ്രധാന മരുന്ന് വിതരണക്കാര്‍ പാകിസ്ഥാനായിരുന്നു. ഭൂമിശാസ്ത്രപരമായ സാമീപ്യവും ടോര്‍ഖാം, ചാമന്‍ വഴിയുള്ള കുറഞ്ഞ ചെലവിലുള്ള കര മാര്‍ഗങ്ങളും പാകിസ്ഥാന്‍ പ്രയോജനപ്പെടുത്തി. ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പാദനത്തില്‍ അഫ്ഗാന്‍ പിറകിലാണ്. 85-96 ശതമാനം മരുന്നുകളും അഫ്ഗാന്‍ ഇറക്കുമതി ചെയ്യുകയാണ്.

2025 നവംബറിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ ഉപയോഗിച്ചിരുന്ന മരുന്നുകളില്‍ 70 ശതമാനത്തിലധികവും പാകിസ്ഥാനില്‍ നിന്നുള്ളതായിരുന്നുവെന്ന് താലിബാന്റെ ഭരണകാര്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ നൂറുള്ള നൂറി പറയുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ ആശ്രിതത്വം 2001 ന് ശേഷം യുദ്ധം മൂലം തകര്‍ന്ന അഫ്ഗാന്റെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാര നിയന്ത്രണങ്ങളുടെയും ലാബുകളുടെയും അഭാവം കാരണം വര്‍ധിച്ചു. ഇത് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഏറ്റവും പ്രായോഗികവും ചെലവ് കുറഞ്ഞതുമായ ഓപ്ഷനാക്കി മാറ്റി.

പാക് ഫാര്‍മ വില്‍പന നിലച്ചതോടെ ഇന്ത്യക്ക് 200 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ വിലമതിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ സൈഡസ് ലൈഫ് സയന്‍സസ് ദുബായില്‍ അഫ്ഗാനിസ്ഥാന്റെ റോഫിസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി 100 മില്യണ്‍ ഡോളറിന്റെ ധാരണാപത്രം ഒപ്പുവെച്ചത് വലിയ ചുവടുവെപ്പായി മാറി. മറ്റൊരു പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഫാര്‍മെക്‌സിലുമായി സംയുക്ത നിക്ഷേപങ്ങള്‍, ഉത്പാദന പ്ലാന്റുകള്‍, ലാബുകള്‍, വിന്യാസത്തിനുള്ള പ്രതിനിധി സംഘങ്ങള്‍ എന്നിവ സംബന്ധിച്ച് താലിബാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.