ഖൊമേനിയെ തൊട്ടാല്‍ സമ്പൂര്‍ണ യുദ്ധം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; ട്രംപ് ചതിച്ചെന്ന് പ്രക്ഷോഭകര്‍

ഖൊമേനിയെ തൊട്ടാല്‍ സമ്പൂര്‍ണ യുദ്ധം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; ട്രംപ് ചതിച്ചെന്ന് പ്രക്ഷോഭകര്‍

ടെഹ്റാന്‍: ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരില്‍ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ അമേരിക്ക ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.

'ഇറാനെതിരെ നീതി രഹിതമായ ആക്രമണമുണ്ടായാല്‍ പ്രതികരണം കഠിനമായിരിക്കും. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിക്കെതിരായ ഏതൊരു ആക്രമണവും ഇറാനെതിരായ ഒരു വലിയ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കും' - മസൂദ് പെസെഷ്‌കിയാന്‍ എക്സില്‍ കുറിച്ചു.

ഇറാനിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കന്‍ സര്‍ക്കാരും സഖ്യകക്ഷികളും ദീര്‍ഘകാലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ശത്രുതയും മനുഷ്യത്വ രഹിതമായ ഉപരോധങ്ങളുമാണെന്നും അദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തിയിരുന്നു. 'രാജ്യദ്രോഹികളുടെ നട്ടെല്ലൊടിക്കുമെന്ന്' ദേശീയ ടെലിവിഷനില്‍ ശനിയാഴ്ച സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അദേഹം പറഞ്ഞു. പ്രക്ഷോഭത്തില്‍ മരണങ്ങളുണ്ടായതിന് കാരണക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നും ആരോപിച്ചു.

'രാജ്യദ്രോഹത്തിന്റെ നട്ടെല്ലൊടിച്ചതു പോലെ രാജ്യദ്രോഹികളുടെയും നട്ടെല്ല് ഇറാന്‍ ഒടിക്കും. രാജ്യത്തെ യുദ്ധത്തിലേക്കു നയിക്കാന്‍ ഞങ്ങള്‍ ഉദേശിക്കുന്നില്ല. പക്ഷേ, രാജ്യത്തിനുള്ളിലെ ക്രിമിനലുകളെ വെറുതേ വിടില്ല' - ഖൊമേനി പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനലുകളെയും വെറുതേവിടില്ലെന്ന് അദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരേ സമാധാന പൂര്‍വം നടന്നിരുന്ന പ്രക്ഷോഭത്തെ അമേരിക്ക ഹൈജാക്ക് ചെയ്തുവെന്നാണ് ഇറാന്റെ ആരോപണം.

'ട്രംപ് ഞങ്ങളെ ചതിച്ചു, ചാവേറുകളാക്കി'; കണ്ണീരുമായി പ്രക്ഷോഭകര്‍

അതിനിടെ ഇറാന്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തിരിഞ്ഞു. തങ്ങളുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ഒടുവില്‍ ഇറാന്‍ ഭരണകൂടവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ട്രംപ് തങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

ട്രംപിന്റെ വാക്കുകള്‍ വിശ്വസിച്ച് തെരുവിലിറങ്ങിയ തങ്ങളെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇറാനിയന്‍ ജനത കുറ്റപ്പെടുത്തുന്നു. സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ കഴിഞ്ഞ ഡിസംബര്‍ 28 ന് ആരംഭിച്ച പ്രതിഷേധം ജനുവരിയോടെ രാജ്യമൊട്ടാകെ വ്യാപിച്ച് ആഗോള ശ്രദ്ധ നേടിയിരുന്നു. ഈ സമയത്ത് ട്രംപ് നല്‍കിയ പരസ്യമായ പിന്തുണയാണ് പ്രക്ഷോഭകരെ ആവേശം കൊള്ളിച്ചത്.

അമേരിക്കന്‍ സഹായം ഉടന്‍ ഇറാനിലെത്തുമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൈനികമായി നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്രംപിന്റെ ഈ വാക്കുകള്‍ അമേരിക്കന്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന ഉറപ്പായി ഇറാനിലെ ജനങ്ങള്‍ കണക്കാക്കി. ഇതോടെയാണ് ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ പണയപ്പെടുത്തി തെരുവിലിറങ്ങിയത്. എന്നാല്‍ സമരത്തിന് നേരെ ഇറാന്‍ ഭരണകൂടം വെടിവെപ്പും ആശയവിനിമയ സംവിധാനങ്ങള്‍ തടയുന്നതുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.

കൊലപാതകങ്ങളും വധശിക്ഷകളും നിര്‍ത്താമെന്ന് ഇറാന്‍ നേതൃത്വം തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സൈനിക നീക്കം ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സമരത്തിനിടെ കൊല്ലപ്പെട്ട 15,000 പേരുടെ മരണത്തിന് ട്രംപിനും ഉത്തരവാദിത്തമുണ്ടെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കുന്നു. ട്രംപിന്റെ 'സജ്ജമാണ്' എന്ന പോസ്റ്റ് കണ്ടാണ് പലരും ഭയമില്ലാതെ തെരുവിലിറങ്ങിയതെന്ന് അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.