എംപി ഫണ്ട് വിനിയോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെ: ഏറ്റവും പിന്നില്‍ സുരേഷ് ഗോപി; ഒരു രൂപ പോലും വിനിയോഗിക്കാതെ രണ്ട് എംപിമാര്‍

എംപി ഫണ്ട് വിനിയോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെ: ഏറ്റവും പിന്നില്‍ സുരേഷ് ഗോപി; ഒരു രൂപ പോലും വിനിയോഗിക്കാതെ രണ്ട് എംപിമാര്‍

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് കേരളത്തിലെ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത്

ന്യൂഡല്‍ഹി: കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കണക്കുകള്‍. എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഉള്ളവര്‍ വളരെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്. പതിനെട്ടാം ലോക്സഭ നിലവില്‍ വന്ന് 20 മാസം പൂര്‍ത്തിയായപ്പോള്‍ പുറത്ത് വന്ന കണക്കിലാണ് വിവരങ്ങള്‍ ഉള്ളത്.

മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറ് ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചത്.

എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപി എല്‍എഡിഎസ് ഡാഷ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ലോക്സഭ എംപിമാരില്‍ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാല് ശതമാനമാണ് ചെലവഴിച്ചത്. ശശി തരൂര്‍ 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി 13.37 ശതമാനം, അടൂര്‍ പ്രകാശ് 14.25 ശതമാനം, രാജ്മോഹന്‍ ഉണ്ണിത്താന്‍ 14.32 ശതമാനം, ഹൈബി ഈഡന്‍ 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവഴിച്ചിട്ടുള്ളത്.

കേരളത്തിലെ ലോക്സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ 21.42 ശതമാനം, വി.കെ ശ്രീകണ്ഠന്‍ 18.73 ശതമാനം എന്നിവരാണ് കൂടുതല്‍ പണം വിനിയോഗിച്ച എംപിമാര്‍. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്.

അതേസമയം കേരള എംപിമാരുടെ മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ഭരണപരമായ വീഴ്ചകളാണ് ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പരിഷ്‌കരിച്ച എംപി എല്‍എഡിഎസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഓരോ നിര്‍ദേശവും ജില്ലാ നിര്‍വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍ പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.