മിനിയാപൊളിസ് : മിനസോട്ടയിൽ ഫെഡറൽ ഏജന്റുകളുടെ വെടിയേറ്റു മരിച്ച ഐ.സി.യു നഴ്സ് അലക്സ് പ്രെറ്റി ഭീകരവാദിയാണെന്ന ഔദ്യോഗിക വാദം തള്ളി സഹപ്രവർത്തകരും വൈദികരും. അലക്സ് സമാധാനപ്രിയനും കാരുണ്യമുള്ള വ്യക്തിയുമായിരുന്നുവെന്ന് അദേഹത്തെ അടുത്തറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
ജനുവരി 24 നാണ് ഫെഡറൽ ഏജന്റുകളുടെ നടപടികൾ മൊബൈലിൽ പകർത്തുന്നതിനിടെ അലക്സ് പ്രെറ്റി വെടിയേറ്റു മരിച്ചത്. അദേഹം ഏജന്റുകളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ഭീകരവാദിയാണെന്നും വൈറ്റ് ഹൗസ് വക്താക്കളും ഉന്നത ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ ശക്തമായി എതിർത്തുകൊണ്ട് സഹപ്രവർത്തകനായ ഫാദർ ഹാരി ടാസ്റ്റോ രംഗത്തെത്തി.
"രോഗികളോട് അങ്ങേയറ്റം ദയയോടും സൗമ്യതയോടും പെരുമാറിയിരുന്ന വ്യക്തിയായിരുന്നു അദേഹം. നമ്മുടെ ദേശീയ നേതാക്കളുടെ അധിക്ഷേപകരമായ വാക്കുകൾ നിങ്ങൾ മുഖവിലയ്‌ക്കെടുക്കരുത്." മിനിയാപൊളിസിലെ വിമുക്തഭടന്മാർക്കായുള്ള ആശുപത്രിയിൽ പത്തു വർഷത്തോളം അലക്സിനൊപ്പം ജോലി ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രാർഥനയ്ക്കിടെ ഫാദർ ടാസ്റ്റോ ഇക്കാര്യം വ്യക്തമാക്കിയത്.
മിനിയാപൊളിസിൽ ഈ മാസം ഏജന്റുകളുടെ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അലക്സ്. ജനുവരി ഏഴിന് റെനീ ഗുഡ് എന്ന സ്ത്രീയും സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
അലക്സ് പ്രെറ്റിയുടെ വിയോഗത്തിൽ സെന്റ് പോൾ - മിനിയാപൊളിസ് ആർച്ച് ബിഷപ്പ് ബെർണാഡ് ഹെബ്ദ അനുശോചനം രേഖപ്പെടുത്തി. ഹൃദയങ്ങളിലെ വെറുപ്പും വിദ്വേഷവും വെടിഞ്ഞാലേ യഥാർഥ നീതിയും സമാധാനവും പുലരുകയുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ഭരണകൂടം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.