മാരുതി 800 ല്‍ തുടങ്ങി റോള്‍സ് റോയ്സ് വരെ; ആരാണ് സി.ജെ റോയ് ?

 മാരുതി 800 ല്‍ തുടങ്ങി റോള്‍സ് റോയ്സ് വരെ; ആരാണ് സി.ജെ റോയ് ?

ശതകോടീശ്വരനായ മലയാളി വ്യവസായി എന്നതിലുപരി ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കേരളത്തിലെ ഒട്ടുമിക്ക മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രമുഖനായ ഒരു ബില്‍ഡര്‍ എന്ന മേല്‍വിലാസം ഉള്ളപ്പോള്‍ തന്നെ പ്രസിദ്ധമായ നിരവധി ടെലിവിഷന്‍ ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത സി.ജെ റോയ് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വം ആയിരുന്നു. കായിക രംഗത്തും അദേഹം നിക്ഷേപങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കോണ്‍ഫിഡന്റ് ഗ്രൂപ്പും സി.ജെ റോയിയും കേരളീയര്‍ക്ക് സുപരിചിതമായിരുന്നു.

കൊച്ചിയില്‍ ജനിച്ച അദേഹം കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ റോയ് സംരംഭകത്വത്തിലേക്ക് കടന്നത്.

2006 ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോള്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡല്‍ എന്ന തനതായ ശൈലിയിലൂടെ അദേഹം ഗ്രൂപ്പിനെ വിജയത്തിലെത്തിച്ചു. 165 ല്‍ അധികം വന്‍കിട പദ്ധതികളും 15000 ല്‍ അധികം ഉപയോക്താക്കളും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കരുത്തായി ഇപ്പോള്‍ ഉണ്ട്.

1991 ല്‍ സ്ഥാപിച്ച കമ്പനിയെ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി അദേഹം വളര്‍ത്തി. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്ര നിര്‍മാണ രംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു.

അതേപോലെ സിജെ റോയിയുടെ കാറുകളോടുളള ഇഷ്ടവും ഏറെ ശ്രദ്ധ നേടിയിരുന്നു. വില കൂടിയ കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദേഹത്തിന് ഉണ്ടായിരുന്നു. മാരുതി 800 ല്‍ നിന്നായിരുന്നു അദേഹത്തിന്റെ കാറുകളുടെ വാങ്ങല്‍ ആരംഭിച്ചത്. അദ്യമായി വാങ്ങിയ മാരുതി കാര്‍ ഇന്ത്യയിലെ അന്നത്തെ ലക്ഷ്വറി കാറുകളിലൊന്നായ എസ്റ്റീം കാര്‍ വാങ്ങുന്നതിനായാണ് വില്‍പന നടത്തിയതെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കാര്‍ അദേഹം 10 ലക്ഷം രൂപ നല്‍കി വീണ്ടെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1994 ല്‍ തന്റെ 25-ാം വയസിലാണ് മാരുതി 800 സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലും കര്‍ണാടകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 201 നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തിയിരുന്നു. ഒരു കുട്ടിയ്ക്ക് വേണ്ടി നമ്മള്‍ പണം മുടക്കുമ്പോള്‍ അത് സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപമാണെന്നാണ് തന്റെ കുടുംബം പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ പഠിക്കാന്‍ മിടുക്കരായ ഒരു കുട്ടിയും അവസരങ്ങളോ പണമോ ഇല്ലാത്തതിന്റെ പേരില്‍ പിന്നോക്കം പോകാന്‍ പാടില്ലെന്ന ചിന്തയില്‍ നിന്നാണ് കുടുംബ സ്വത്തിന്റെ ഒരു വിഹിതം സ്‌കോളര്‍ഷിപ്പായി നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.

സംരംഭകന്‍ എന്നതിലുപരി സിനിമ നിര്‍മാണത്തിലും സി.ജെ റോയ് സജീവമായിരുന്നു. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന അനോമി എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായിരുന്നു അദേഹം. മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലൂടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്ന് വരുന്നത്.

പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രവും സി.ജെ റോയ് നിര്‍മിച്ചു. 2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം മേം ഹൂം മൂസ എന്ന ചിത്രവും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തവും സി.ജെ റോയ് നിര്‍വഹിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ ഐഡന്റിറ്റി എന്ന ചിത്രവും കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു നിര്‍മിച്ചത്. സിനിമ നിര്‍മാണം കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസണ്‍ 11 സ്‌പോണ്‍സര്‍ ചെയ്തത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു. കൂടാതെ സ്റ്റാര്‍ സുവര്‍ണയുടെ സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.

അടുത്ത കാലത്ത് ബിഗ് ബോസ് മലയാളം സീസണ്‍7 റണ്ണറപ്പ് അനീഷ് ടി.എയ്ക്ക് 10 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് റോയ് ഞെട്ടിച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജാപൂര്‍ ഒരു ഐടി ഹബാകുമെന്ന് കണക്കുകൂട്ടിയ റോയ് വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദു വാക്കി മാറ്റി. ദുബായ് വിപണിയില്‍ വായ്പകള്‍ക്കും ഡൗണ്‍ പേയ്മെന്റുകള്‍ക്കും പുതിയ മാതൃകകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് വില്‍പന നടത്തി. 300 ഏക്കറോളം വരുന്ന ഗോള്‍ഫ് റിസോര്‍ട്ടും വില്ല പ്രോജക്ടും അദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.

ബിസിനസ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാര്‍ ശേഖരണത്തിനും അദേഹം സമയം കണ്ടെത്തിയിരുന്നു. തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സി.ജെ റോയ് ഏറെ തല്‍പരനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.