അഹമ്മദാബാദ്: ടി 20 ലോകകപ്പിന്റെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ വക കനത്ത പ്രഹരം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പൂർണ്ണ ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്ക 76 റൺസിനാണ് ഇന്ത്യയെ നിലംപരിശാക്കിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനും ഇതോടെ പ്രോട്ടീസ് പടയ്ക്കായി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മറുപടി വെറും 111 റൺസിൽ അവസാനിച്ചു. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷനെ (0) മടക്കി എയ്ഡൻ മാർക്രം നടത്തിയ നീക്കമാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ തിലക് വർമയെയും (1) അഞ്ചാം ഓവറിൽ അഭിഷേക് ശർമയെയും (15) മടക്കി മാർക്കോ ജാൻസൺ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്.
നാല് വിക്കറ്റുകൾ വീഴ്ത്തിയ മാർക്കോ ജാൻസണാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. കേശവ് മഹാരാജ് മൂന്ന് വിക്കറ്റുമായി മധ്യനിരയെ തകർത്തപ്പോൾ കോർബിൻ ബോഷ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഒരു ഘട്ടത്തിൽ 33 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും (63) ഡിവാൾഡ് ബ്രെവിസും (45) ചേർന്നാണ് കരകയറ്റിയത്.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 97 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണ്ണായകമായത്. അവസാന ഓവറുകളിൽ ട്രിസ്റ്റൺ സ്റ്റബ്സ് (44) നടത്തിയ വെടിക്കെട്ട് ബാറ്റിങ് സ്കോർ 180 കടത്തി. ജസ്പ്രീത് ബുമ്ര ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.