പത്മജ വേണുഗോപാല്‍ തൃശൂരില്‍, ശോഭാ സുരേന്ദ്രന്‍ പാലക്കാട്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

പത്മജ വേണുഗോപാല്‍ തൃശൂരില്‍, ശോഭാ സുരേന്ദ്രന്‍ പാലക്കാട്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. ഇതുസംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന.

കെ. മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയ സാധ്യത തൃശൂര്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.

സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്സഭാ മണ്ഡലമാണ് തൃശൂര്‍. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ പൂര്‍ണശ്രദ്ധ നല്‍കുമെന്ന് സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. കഴക്കൂട്ടത്ത് വി. മുരളീധരനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍, വട്ടിയൂര്‍കാവില്‍ ആര്‍. ശ്രീലേഖ, നടന്‍ കൃഷ്ണ കുമാര്‍ എന്നീ രണ്ട് പേരുകള്‍ പരിഗണനയിലുണ്ട്.

മലമ്പുഴയില്‍ സി. കൃഷ്ണ കുമാറും പാലായില്‍ ഷോണ്‍ ജോര്‍ജും, തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരിക്കും. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.