ബലൂചിസ്ഥാൻ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകൾ അതിഭീകരമായ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരെ പൗരന്മാരായി പോലും പരിഗണിക്കാതെ 'പ്രേതങ്ങൾ' എന്ന് മുദ്രകുത്തി വേട്ടയാടുകയാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ ഫ്രെഡ് പെട്രോഷ്യൻ വെളിപ്പെടുത്തി.
'സ്കേപ്പ്ഗോട്ട്സ്' എന്ന പേരിൽ പുറത്തിറക്കിയ സംയുക്ത റിപ്പോർട്ടിലാണ് ഈ നടുക്കുന്ന വിവരങ്ങളുള്ളത്. 2025 ൽ മാത്രം 254 ക്രൈസ്തവരെയാണ് ഇറാൻ ഭരണകൂടം തടവിലാക്കിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.
ദേശീയ സുരക്ഷാ നിയമങ്ങൾ ആയുധമാക്കി ക്രൈസ്തവർക്ക് 280 വർഷത്തിലധികം തടവുശിക്ഷയാണ് കോടതികൾ വിധിച്ചിരിക്കുന്നത്. വിശ്വാസികളെ 'മൊസാദ് ഏജന്റുകൾ' എന്നും 'സുരക്ഷാ ഭീഷണികൾ' എന്നും മുദ്രകുത്തിയാണ് ശിക്ഷിക്കുന്നത്. അടുത്തിടെയുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് 19 ക്രൈസ്തവരെയെങ്കിലും ഭരണകൂടം വധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാനിലെ ഇരുമ്പഴിക്കുള്ളിൽ വിശ്വാസികൾ നേരിടുന്നത് മനുഷ്യത്വരഹിതമായ പീഡനങ്ങളാണ്. മതം മാറിയ ഗർഭിണിയായ നർഗസ് നസ്രി എന്ന യുവതിക്ക് വിശ്വാസത്തിന്റെ പേരിൽ 16 വർഷം തടവാണ് വിധിച്ചത്. പക്ഷാഘാതം സംഭവിച്ച അറുപതുകാരനായ നാസർ നവാർഡിനെയും നട്ടെല്ല് ഒടിഞ്ഞ ഐദ നജഫ്ലൂവിനെയും മതിയായ ചികിത്സ നൽകാതെ ജയിൽ സെല്ലുകളിലേക്ക് തിരിച്ചയച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നൽകുന്നത്. വംശീയ ക്രിസ്ത്യാനികൾക്ക് അവരുടെ ഭാഷയിൽ ആരാധന നടത്താൻ അനുവാദമുണ്ടെങ്കിലും പേർഷ്യൻ ഭാഷയിൽ സംസാരിക്കുന്നതിനോ മതം മാറിയവരെ സ്വീകരിക്കുന്നതിനോ കർശന വിലക്കുണ്ട്.
ക്രിസ്തുമസ് കൂട്ടായ്മകളിൽ പോലും റെയ്ഡ് നടത്തുന്ന സൈന്യം വിശ്വാസികളെ ശാരീരികമായും മാനസികമായും തകർക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.