ടെൽ അവീവ്: ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥ നോവ മാർസിയാനോയെ തടവിലാക്കി ക്രൂരമായി കൊലപ്പെടുത്തിയ ഭീകരർക്ക് അർഹിച്ച ശിക്ഷ നൽകി ഇസ്രയേൽ സൈന്യം. ഇസ്രയേൽ സുരക്ഷാ ഏജൻസിയുമായി ചേർന്ന് നടത്തിയ അതിശക്തമായ സംയുക്ത വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ അൽ-ഹബീലിനെയും ഇസ്ലാമിക് ജിഹാദിന്റെ വടക്കൻ ഗാസ തലവൻ അലി രാജിയാനയെയും വധിച്ചു. സ്വന്തം പൗരന്മാരുടെ ജീവനെടുക്കുന്നവർക്ക് ലോകത്തിന്റെ ഏത് കോണിലായാലും രക്ഷയുണ്ടാകില്ലെന്ന ഇസ്രയേലിന്റെ കർശന താക്കീതാണ് ഈ നീക്കം.
നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഹമാസ് നടത്തിയ പ്രകോപനങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ സൈനിക നടപടി. നോവ മാർസിയാനോയെ തട്ടിക്കൊണ്ടുപോയതിലും പീഡിപ്പിച്ചു കൊലപ്പെടുത്തിയതിലും നേരിട്ട് പങ്കെടുത്തയാളാണ് കൊല്ലപ്പെട്ട അൽ-ഹബീൽ. വടക്കൻ ഗാസയിൽ ഇസ്‌ലാമിക് ജിഹാദിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കമാൻഡറാണ് കൊല്ലപ്പെട്ട രണ്ടാമൻ അലി രാജിയാന.
2023 ഒക്ടോബർ ഏഴിലെ കറുത്ത ദിനത്തിൽ നഹൽ ഓസ് പോസ്റ്റിൽ നിന്നാണ് നോവ മാർസിയാനോയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. തടവിലായിരിക്കെ നോവ അനുഭവിച്ച ക്രൂരതകളും പിന്നീട് പുറത്തുവന്ന മരണ വാർത്തയും ഇസ്രയേൽ സമൂഹത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. "നോവയുടെ കുടുംബത്തിന് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നു" എന്നാണ് ഹമാസ് കമാൻഡർമാരുടെ വധത്തിന് ശേഷം ഇസ്രയേൽ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചത്.
പ്രമുഖരായ രണ്ട് കമാൻഡർമാർ ഒരേസമയം കൊല്ലപ്പെട്ടത് ഗാസയിലെ ഭീകര കേന്ദ്രങ്ങളിൽ വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ നിരീക്ഷണവും സൈന്യത്തിന്റെ മിന്നൽ പ്രഹരവും ഹമാസിന്റെ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു.
'ഞങ്ങളുടെ സൈനികർക്കോ പൗരന്മാർക്കോ എതിരെ അക്രമം നടത്തുന്നവരെ ഞങ്ങൾ ഒരിക്കലും വെറുതെ വിടില്ല. ശത്രുക്കൾക്ക് ഒളിക്കാൻ ഇടമില്ലെന്ന് ഇസ്രയേൽ വീണ്ടും തെളിയിച്ചിരിക്കുകയാണ്' - സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ ഇസ്രയേലിന്റെ സുരക്ഷാ മുൻകരുതലുകൾക്ക് വലിയ പിന്തുണയാണ് ഈ വിജയകരമായ ഓപ്പറേഷനിലൂടെ ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.