വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയിൽ വിനയത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃകയായ അസീസിയുടെ വിശുദ്ധ ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതിക തിരുശേഷിപ്പുകൾ പരസ്യ വണക്കത്തിനായി തുറന്നുനൽകുന്നു. ഫെബ്രുവരി 22 മുതൽ ഒരു മാസക്കാലമാണ് തീർത്ഥാടകർക്ക് തിരുശേഷിപ്പുകൾ ദർശിക്കാൻ അവസരമുണ്ടാവുക.
ഫെബ്രുവരി 22 ന് പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം ആഘോഷമായി താഴത്തെ ബസിലിക്കയിലേക്ക് കൊണ്ടുവരും. അസീസിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 22 ഞായറാഴ്ച ബസിലിക്കയുടെ മുകളിലെ പള്ളിയിൽ കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ ബലി നടക്കും. മാർച്ച് 22 വരെയാണ് വിശ്വാസികൾക്ക് പൊതുവണക്കത്തിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
വിശുദ്ധന്റെ സ്മരണ പുതുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകർ അസീസ്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി തീർത്ഥാടകർക്ക് മുൻകൂട്ടി ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. www.sanfrancescovive.org എന്ന വെബ്‌സൈറ്റ് വഴി പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫ്രാൻസിസ്കൻ മൂല്യങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ മാർച്ച് 14, 15 തീയതികളിൽ അസീസ്സിൽ യുവജന സംഗമം സംഘടിപ്പിക്കും. ഇറ്റലിയിലെമ്പാടുമുള്ള നാനൂറോളം യുവാക്കൾ ഇതിനോടകം സമ്മേളനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എണ്ണൂറ് വർഷങ്ങൾക്കിപ്പുറവും വിശുദ്ധൻ ഉയർത്തിപ്പിടിച്ച ലളിത ജീവിതം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആത്മീയ പ്രചോദനം നൽകുന്നതാണെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.