കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കും.
ശബരിമല കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാണ് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നാഷണല്‍ ലാബില്‍ പരിശോധിക്കുന്നത്. 19 ന് കേസ് വീണ്ടും പരിഗണിക്കും.
ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്ഐടി അന്വേഷണം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലിന്റെ ശാസ്ത്രീയ വശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കണം. പഴയ ഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ സമിപിക്കാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.
ഇതിന് പുറമെ കൈയ്യക്ഷര പരിശോധന നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ രണ്ട് പേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.