'140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയകരം'; ഇന്ത്യയെ അഭിനന്ദിച്ച് ഇമ്മാനുവല്‍ മാക്രോണ്‍

'140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയകരം'; ഇന്ത്യയെ അഭിനന്ദിച്ച് ഇമ്മാനുവല്‍ മാക്രോണ്‍

ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിക്കാത്ത നേട്ടമാണ് 140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയതിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐയെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെയും അദേഹം അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. സാങ്കേതിക വിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായും അദേഹം വ്യക്തമാക്കി.

പത്ത് വര്‍ഷം മുന്‍പ് മുംബൈയിലെ ഒരു തെരുവ് കച്ചവടക്കാരന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പോലും കൃത്യമായ രേഖകളോ വിലാസമോ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നതിനെക്കുറിച്ച് മാക്രോണ്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ഇന്ന് അതേ കച്ചവടക്കാരന് തന്റെ ഫോണ്‍ ഉപയോഗിച്ച് രാജ്യത്തെ ആരില്‍ നിന്നും സൗജന്യമായും തല്‍ക്ഷണമായും പണം സ്വീകരിക്കാന്‍ സാധിക്കുന്നുവെന്നത് സാങ്കേതിക വിദ്യയുടെ കരുത്താണെന്നും അദേഹം ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആഗോള ഭാവി രൂപപ്പെടുത്തുന്ന ഈ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മാക്രോണ്‍ സന്തോഷം പ്രകടിപ്പിച്ചു.

യുപിഐയുടെ പ്രവര്‍ത്തനത്തില്‍ മാക്രോണ്‍ ആകൃഷ്ടനാകുന്നത് ഇത് ആദ്യമായല്ല. 2024 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള കടയില്‍ നിന്ന് ചായ കുടിച്ച ശേഷം പ്രധാനമന്ത്രി മോഡി തന്റെ ഫോണ്‍ വഴി പണമടയ്ക്കുന്നത് കണ്ട് അദേഹം അത്ഭുതപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.